
തഴവ: പതിനായിരങ്ങളുടെ പ്രാർത്ഥനകളും പരാതികളും കാതിലേറ്റുവാങ്ങുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ നന്ദികേശൻ കാഴ്ചക്കാർക്ക് വിസ്മയമാകുന്നു. ക്ഷേത്ര പടനിലത്ത് അന്നദാനമന്ദിരത്തിന് മുൻവശത്തുള്ള പ്രാർത്ഥനാ പീഠത്തിലാണ് നന്ദികേശന്റെ ശിലാരൂപം സ്ഥാപിച്ചിരിക്കുന്നത്.
ഇവിടെ ഭക്തജനങ്ങൾക്ക് സൗജന്യമായി കർപ്പൂരം ആരതി ഉഴിയുന്നതിനും അവയവരൂപ സമർപ്പണത്തിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അവയവരൂപങ്ങൾ ഘടികാര ദിശയിൽ തല ഉഴിഞ്ഞ് പടിഞ്ഞാറ് ആൽത്തറ ദിക് നോക്കി കർപ്പൂരം ആരതി ചെയ്ത ശേഷം ആവശ്യങ്ങൾ നന്ദികേശ രൂപത്തിന്റെ കാതിൽ പറയുന്നതാണ് കീഴ്വഴക്കം.
പരബ്രഹ്മ ക്ഷേത്രമായ ഓച്ചിറയിൽ അനാദികാലമായി നന്ദികേശ ആരാധാനയ്ക്ക് പ്രഥമ പരിഗണനയാണ് നൽകി വരുന്നത്. കാളക്കുട്ടികളെ ക്ഷേത്രത്തിൽ നടയിരുത്തുക, അലങ്കരിച്ച അമ്പലക്കാളകളുടെ തിടമ്പ് തൊട്ടുതൊഴുത് സംരക്ഷകർക്ക് ദക്ഷിണ നൽകുക, ഇരുപത്തിയെട്ടാം ഓണ ദിവസം അലങ്കരിച്ച നന്ദികേശ രൂപങ്ങളെ ക്ഷേത്രത്തിലേക്ക് എഴുന്നുള്ളിക്കുക തുടങ്ങി നന്ദികേശനുമായി ബന്ധപ്പെട്ട് നിരവിധി ആചാരങ്ങളാണ് ക്ഷേത്രത്തിൽ നിലവിലുള്ളത്.