ഓടനാവട്ടം: അമ്പത് വർഷത്തോളം പഴക്കമുള്ള പഞ്ചായത്ത് ചിറ വേണ്ടത്ര സംരക്ഷണമില്ലാതെ നശിക്കുന്നു. ഒരുകാലത്ത് പൂയപ്പള്ളി മുതൽ മരുതമൺപള്ളി വരെയുള്ള എലാകളിൽ കാർഷിക ആവശ്യങ്ങൾക്കും പ്രദേശവാസികളുടെ കുടിവെള്ളക്ഷാമത്തിനും ആശ്രയമായിരുന്നു ഈ ചിറ. മുമ്പ് ഒരേക്കറോളം സ്ഥലത്തായി വ്യാപിച്ച് കിടന്നിരുന്ന ചിറ 65 സെന്റായി കുറഞ്ഞു. രേഖകളിൽ ഉണ്ടെങ്കിലും അളന്നാൽ 40 സെന്റ് പോലും വരില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഉള്ളതുപോലും വേണ്ടവിധത്തിൽ സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നാണ് പ്രദേശ വാസികൾ പറയുന്നത്. പൊലീസ് സ്റ്റേഷന് അകലെ അല്ലാത്ത ഇവിടം മദ്യപാനികൾ താവളമാക്കിയിരിക്കുകയുമാണ്. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ ചിറയിലേയ്ക്ക് വലിച്ചെറിയുന്നതും പതിവാണ്. പല ഭാഗങ്ങളിലും കാടുകയറി കിടക്കുന്നതിനാൽ ഇഴ ജന്തുക്കളും ചിറ താവളമാക്കിയിട്ടുണ്ട്.
നവീകരണ ഫണ്ട് ഉപയോഗിച്ചില്ല
അടുത്തിടെ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ചിറ നവീകരണത്തിന് അനുവദിച്ച 20 ലക്ഷം രൂപ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ലെന്നും പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്.
പൂയപ്പള്ളി പഞ്ചായത്ത് ചിറ മാലിന്യമുക്തമാക്കണമെന്നും കൈയ്യേറ്റം കണ്ടുപിടിച്ചു സംരക്ഷണ മതിൽ കെട്ടി ചിറ സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പൂയപ്പള്ളി പഞ്ചായത്തിന്റെ പൈതൃക ശേഷിപ്പായ ഈ ചിറ സംരക്ഷിക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. പൂയപ്പള്ളി പഞ്ചായത്ത് ഭരണസമിതി അതിനു തയ്യാറാകണം. ചിറക്കടവിൽ സാമൂഹിക വിരുദ്ധരുടെ താവളമടിക്കൽ പൂർണമായും നിരോധിക്കാൻ നടപടി വേണം.
പരിസ്ഥിതി പ്രവർത്തകർ,
പൂയപ്പള്ളി പഞ്ചായത്ത്
മാലിന്യംകൊണ്ട് ചിറ നിറയുകയാണ്. ഞങ്ങൾ കുടിവെള്ളത്തിന് ഉപയോഗിച്ചിരുന്നതാണ്. ചിറയുടെ കൂടുതൽ ഭാഗവും പലരും കൈയ്യേറിയിരിക്കുകയാണ്. ചിറ അളന്നു തിട്ടപ്പെടുത്തി പഞ്ചായത്തിൽ രേഖാമൂലമുള്ള തെങ്കിലും കൈവശമാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണം.
പ്രദേശ വാസികൾ