കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്ത് വിത്ത് സംഭരണകേന്ദ്രം പ്രവർത്തനം നിലച്ചു, കാടുമൂടി നശിക്കുന്നു. പുല്ലാമല സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപത്തായിട്ടാണ് 2000ൽ മാതൃകാ വിത്തുത്പാദന, സംഭരണ കേന്ദ്രം തുടങ്ങിയത്. അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ചന്ദ്രമോഹനനാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. കാർഷിക മേഖലയെ ആശ്രയിക്കുന്ന പഞ്ചായത്താണ് നെടുവത്തൂർ. പുല്ലാമല, ആനക്കോട്ടൂർ ഭാഗങ്ങളിലായി നെൽക്കൃഷിയടക്കം ഇപ്പോഴും നടക്കുന്നുമുണ്ട്. കർഷകരെ സഹായിക്കുന്നതിനും ആവശ്യമായ ഘട്ടങ്ങളിൽ വിത്തും അനുബന്ധ സൗകര്യങ്ങളും എത്തിച്ചുനൽകുന്നതിനും സംഭരിക്കുന്നതിനുമൊക്കെ ലക്ഷ്യമിട്ടാണ് സീഡ് സ്റ്റോർ പ്രവർത്തനം തുടങ്ങിയത്. എന്നാൽ അധികനാൾ ആയുസ് ഉണ്ടായില്ല.
സാക്ഷരത കേന്ദ്രമാക്കിയിട്ടും
പഞ്ചായത്തിലെ സാക്ഷരത തുടർ വിദ്യാകേന്ദ്രത്തിനായി ഏറെനാൾ ഈ കെട്ടിടം വിട്ടുകൊടുത്തു. കൃഷി വകുപ്പുമായി ബന്ധപ്പെട്ട് മറ്റ് ചില പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചു. എന്നാൽ അതെല്ലാം ഏറെനാൾ നീണ്ടില്ല. ഇപ്പോൾ ഇവിടെ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.
ഉപയോഗിക്കണം
വിത്ത് സംഭരണ കേന്ദ്രമായി പ്രവർത്തിച്ചില്ലെങ്കിലും നാടിന് ഗുണകരമാകുന്ന ഏതെങ്കിലും ഓഫീസ് ഇവിടെ പ്രവർത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. താെട്ടടുത്തുതന്നെ സാമൂഹിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട അനുബന്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം. പുത്തൂർ- നെടുവത്തൂർ റോഡരികിലായാണ് കെട്ടിടം കാടുമൂടി നശിക്കുന്നത്.