
കൊല്ലം: ജില്ലയിലെ കൗമാര പ്രതിഭകളുടെ കലാമാമാങ്കത്തിന് കാതോർത്ത് കൊട്ടാരക്കര. ഇനി ഒരു പകൽദൂരം പിന്നിട്ടാൽ മേളയ്ക്ക് കൊടിയുയരും. നിറക്കൂട്ടുകൾ ചാലിച്ചും ഭാവനയുടെ കവിതകൾ വിരിയിച്ചും കഥകളെഴുതിയും ബാൻഡുമേളപ്പെരുക്കമൊക്കെയായാണ് ചൊവ്വാഴ്ച ആദ്യ ദിനം കടന്നുപോവുക.
പട്ടണത്തിലാകെ കമാനങ്ങളും ബോർഡുകളും മറ്റ് ഒരുക്കങ്ങളുമെത്തിയിട്ടുണ്ട്. കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് പ്രധാനവേദി. ഇതിന്റെ നിർമ്മാണ ജോലികൾ ഏറെക്കുറെ പൂർത്തിയായി. 27ന് രാവിലെ 9.30ന് പതിന്നാല് വേദികളും ഉണരും. വൈകിട്ട് മൂന്നരയ്ക്ക് പ്രധാനവേദിയിലാണ് ഉദ്ഘാടന സമ്മേളനം. മന്ത്രി കെ.എൻ.ബാലഗോപാൽ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിക്കും. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയാകും. കെ.സി.വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തും. 30ന് വൈകിട്ട് സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അദ്ധ്യക്ഷനാകും.
ഗോത്രകലകൾ വേദിയിലേക്ക്
ഈ വർഷം മുതൽ ഗോത്രകലകളും മത്സര വേദിയിലെത്തുകയാണ്. ഉപജില്ലാ കലോത്സവങ്ങളിൽ അഞ്ച് ഗോത്രകലാ മത്സരങ്ങൾ നടത്തിയപ്പോഴും കൗതുകത്തോടെയാണ് ആസ്വാദകർ വീക്ഷിച്ചത്. ജില്ലാ കലോത്സവത്തിലേക്ക് എത്തുമ്പോൾ കൂടുതൽ മികവേകും. 28, 30 തീയതികളിൽ കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വേദി രണ്ടിലാണ് ഗോത്രകലകൾ അരങ്ങേറുക. പണിയ നൃത്തം, ഇരുള നൃത്തം, മലപ്പുലയാട്ടം, പളിയനൃത്തം, മംഗലംകളി എന്നിവയാണ് വേദിയിലെത്തുന്നത്. വയനാട് ജില്ലയിലെ പണിയ വിഭാഗക്കാരുടെ ഇടയിലുള്ള കലാരൂപമാണ് പണിയനൃത്തം. ഞാറ് നടുന്നതുമായി ബന്ധപ്പെട്ടാണ് ഈ കലാരൂപം ഉണ്ടായത്. ഇരുളനൃത്തം അട്ടപ്പാടി പ്രദേശത്തെ ഇരുള സമുദായക്കാരിൽ ഉത്ഭവിച്ചതാണ്. ദൈവമായ മല്ലീശ്വരനെ ഉണർത്താനുള്ള നൃത്തമാണിത്. മലപ്പുലയാട്ടം ഇടുക്കിയിലെ മലപ്പുലയൻ ആദിവാസി വിഭാഗക്കാരിൽ നിന്നുമുണ്ടായതാണ്. ദൈവാരാധനയാണ് നൃത്തത്തിന് പിന്നിൽ. ഇടുക്കി കുമളിയിലെ പണിയർ വിഭാഗത്തിന്റെ നൃത്തരൂപമാണ് പണിയനൃത്തം. മഴയ്ക്കുവേണ്ടിയും രോഗശമനത്തിനുവേണ്ടിയുമാണ് ഈ നൃത്തമാടാറുള്ളത്. മംഗലം കളി കണ്ണൂർ, കാസർകോട് ജില്ലകളിലെ മാവിലൻ, മലവേട്ടുവാൻ വിഭാഗങ്ങളുടെ സംഗീത നൃത്തരൂപമാണ്. ഗോത്രങ്ങളിലെ വിവാഹ പന്തലുകളിലാണ് മംഗലം കളി അവതരിപ്പിക്കാറുള്ളത്. മലയാളം, തുളു ഭാഷകളിലെ ശീലുകളാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ കൊല്ലത്തുകാർക്ക് പരിചയമില്ലാത്ത ഗോത്ര കലാരൂപങ്ങൾ വേദിയിലെത്തുന്നത് കാഴ്ചക്കാരുടെ എണ്ണം കൂട്ടിയേക്കും.
കലോത്സവ ക്രമീകരണങ്ങൾ പൂർത്തിയായിവരുന്നു. ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വെല്ലുവിളി ഉയർത്തുന്നുണ്ട്. സൗപർണിക ഓഡിറ്റോറിയത്തിലാണ് ഭക്ഷണശാല. കുട്ടികളുടെ താമസ സൗകര്യങ്ങളടക്കം സജ്ജമായിവരുന്നു.
കെ.ഐ.ലാൽ
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ