 
കൊല്ലം: കടവൂർ ഒറ്റക്കല്ലിന് സമീപം നൂറു വർഷത്തോളം പഴക്കമുള്ള ചാലിൽ കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളം വറ്റിക്കൽ ആരംഭിച്ചു. തുടർന്ന് കുളത്തിലടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്ത് ആഴം കൂട്ടി നാലു വശവും സംരക്ഷണ ഭിത്തികെട്ടി സുരക്ഷിതമാക്കും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദ്ദേശം അഞ്ചുലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണം നടത്തുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ മൂന്നുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഏകദേശം പത്ത് സെന്റ് വിസ്തൃതിയുള്ള കുളത്തിന് 12 അടി താഴ്ചയുണ്ട്.
പണ്ട്, പ്രദേശവാസികൾ കുളിക്കാനും തുണി അലക്കാനും കൃഷി ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന കുളമാണിത്. നിറയെ വെള്ളമുണ്ടെങ്കിലും വർഷങ്ങളായി ഒന്നിനും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. കുളത്തിനു ചുറ്റും കുളത്തിലും പാഴ്‌ചെടികളും പായലും നിറഞ്ഞു. ഇതോടെ ഇവിടം ഇഴജന്തുകളുടെ താവളമായി . മാലിന്യനിക്ഷേപം കാരണം വെള്ളം കറുത്തിരുണ്ട നിലയിലായി. ദുർഗന്ധം സമീപവാസികൾക്ക് വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. നിരവധി മത്സ്യങ്ങൾ ഉണ്ടായിരുന്ന ചാലിൽ കുളത്തിൽ ഇപ്പോൾ ഇപ്പോൾ നിറയെ മദ്യക്കുപ്പികളും മാലിന്യങ്ങളുമാണ്. കുളത്തിന് സംരക്ഷണഭിത്തിയില്ലാത്തത് അപകടസാദ്ധ്യതയും സൃഷ്ടിച്ചിരുന്നു. ഇതിനാണ് പരിഹാരമാകുന്നത്.
കുളത്തിന്റെ നവീകരണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും
ഗിരിജ സന്തോഷ് , കൗൺസിലർ, കടവൂർ ഡിവിഷൻ
........................
ചാലിൽ കുളത്തിന്റെ നവീകരണത്തോടെ പലവിധ പ്രശ്നങ്ങൾക്ക് പരിഹാരമാകും. വേണ്ടരീതിയിൽ കൃത്യമായി പണി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ
അഴകേശൻ, പ്രദേശവാസി