bbb
bbb

പോരുവഴി: പോരുവഴി പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ മോഷണം പെരുകുന്നതിൽ നാട്ടുകാർ ഭീതിയിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി രാത്രിയിൽ വീടുകളിലെ കിണറ്റിൽ കെട്ടിയിറക്കിയ മോട്ടറുകളും റബർഷീറ്റുകളുമാണ് മോഷ്ടിച്ചിരിക്കുന്നത്. ഏഴാംമൈൽ ,മലനട റോഡിൽ ഒരു വീടിന്റെ ടെറസിൽ ഇട്ടിരുന്ന 200 കിലോ ഷീറ്റും അമ്പലത്തും ഭാഗം ശാസ്താംനട ജംഗ്ഷനിലെ ഒരു വീട്ടിൽ നിന്ന് 200 കിലോ റബർ ഷീറ്റും മോഷണം പോയി. കഴിഞ്ഞ ദിവസങ്ങളിൽ ഇടയ്ക്കാട് തെക്ക് കാഞ്ഞിര കുറ്റിവിള ജംഗ്ഷന് സമീപത്തുള്ള 10 വീടുകളിലെ കിണറ്റിൽ നിന്നാണ് മോട്ടറുകൾ മോഷ്ടിച്ചത്. വെള്ളത്തിൽ മുങ്ങി കിടക്കുന്ന മോട്ടർ വൈദ്യുതി കേബിളും പൈപ്പും വിച്ഛേദിച്ചാണ് മോട്ടർ എടുത്തുകൊണ്ടുപോയത്. ഇടയ്ക്കാട് തെക്ക് കുമ്പിളുവിള ജംഗ്ഷന് സമീപത്തുള്ള വീടിന്റെ മതിലു ചാടി അകത്തു കടന്ന് മുറ്റത്തെ മരത്തിലൂടെ ടെറസിൽ കയറിയപ്പോൾ സമീപത്തെ വിട്ടിലെ സി.സി.ടി.വി കണ്ടിട്ട് മോഷണശ്രമം ഉപേക്ഷിക്കുകയും സി.സി.ടി.വി തകർക്കുകയും ചെയ്തു. തോർത്തും കൈലിയും കൊണ്ട് മുഖം മറച്ചാണ് ഇവർ മോഷണത്തിന് ഇറങ്ങുന്നത്. ശൂരനാട് പൊലീസ് അന്വേഷണം നടത്തിവരുന്നു. ഇതുവരെയും മോഷണ സംഘത്തെ കണ്ടെത്തിയിട്ടില്ലെന്നും രാത്രിയിൽ പെട്രോളിംഗ് കാര്യക്ഷമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.