കൊല്ലം: മോട്ടോർ വാഹനവകുപ്പിന്റെ 'പരിവാഹൻ' സംവിധാനത്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്. ഗതാഗത നിയമലംഘനത്തിന് പിഴയടയ്ക്കാനെന്ന പേരിൽ സന്ദേശങ്ങളയച്ചാണ് തട്ടിപ്പ്. വാട്‌സ് ആപ്പ് സന്ദേശത്തിലൂടെയും ടെക്‌സ്റ്റ് മെസേജിലൂടെയുമാണ് തട്ടിപ്പ് സന്ദേശങ്ങൾ അയയ്ക്കുന്നത്.
ഇതിനോടകം അഞ്ഞൂറിലേറെ പരാതികളാണ് സൈബർ സെല്ലിലും പൊലീസിലും ലഭിച്ചത്. നാണക്കേട് ഭയന്ന് പരാതി നൽകാത്തവരുടെ എണ്ണവും ഏറെയാണ്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാസമ്പന്നർ, യുവാക്കൾ എന്നിവരാണ് തട്ടിപ്പിനിരയാകുന്നത്.
നിങ്ങളുടെ വാഹനം നിയമലംഘനം നടത്തിയിട്ടുണ്ടെന്നാണ് വാട്സ് ആപ്പ് സന്ദേശം ലഭിക്കുക. അമിതവേഗം, സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ ധരിക്കാത്തത് തുടങ്ങിയവയിലേതെങ്കിലുമാണ് കാരണമായി പറയുന്നത്. മോട്ടോർ വാഹന വകുപ്പ് അയക്കുന്ന സന്ദേശത്തിന്റെ മാതൃകയിലാണ് സന്ദേശം ലഭിക്കുക.
നിയമലംഘനം നടത്തിയ തീയതി, വാഹന നമ്പർ, പിഴസംഖ്യ, ചെലാൻ നമ്പർ എന്നിവയുമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് ക്ലിക്ക് ചെയ്യാൻ രേഖപ്പെടുത്തിയിരിക്കും. ഈ ലിങ്കിൽ ക്ളിക്ക് ചെയ്ത് ആപ്പിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതോടെ അക്കൗണ്ടിലെ പണം നഷ്ടമാകും.
വ്യാജ സന്ദേശം വാട്സ് ആപ്പിൽ
 ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ എ.പി.കെ ഫയൽ (ആപ്പ് ഇൻസ്റ്റാൾ ചെയ്യാനുള്ള ഫയൽ) മൊബൈലിൽ ഡൗൺലോഡാവും
 രണ്ട് തവണ ഒ.കെ എന്ന് ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടും
 ഇതമർത്തുന്നതോടെ മൊബൈലിന്റെ റിമോർട്ട് അക്സസ് തട്ടിപ്പുകാർക്ക് ലഭിക്കും
 ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇ-മെയിൽ, മൊബൈൽ നമ്പർ എന്നിവ തട്ടിപ്പുസംഘം മാറ്റും
 അക്കൗണ്ടിലുള്ള പണം ഒ.ടി.പി വഴി കൈക്കലാക്കും
ഒരുമണിക്കൂറിൽ പരാതി നൽകണം
സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഗോൾഡൻ അവറിനുള്ളിൽ (തട്ടിപ്പ് നടന്ന സമയം മുതൽ ആദ്യത്തെ ഒരുമണിക്കൂർ) പരാതി നൽകണം. ഈ സമയത്തിനുള്ളിൽ പരാതി നൽകിയാൽ തട്ടിപ്പ് സംഘത്തെ കണ്ടെത്തുന്നതിനും പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിന് മുമ്പ് തടയാനും സാധിക്കുമെന്ന് സൈബർ സെൽ അധികൃതർ പറയുന്നു.
ഫോൺ: 1930
വെബ് സൈറ്റ്- www.cybercrime.gov.in
പരിവാഹൻ സൈറ്റ് വഴി ടെക്സ്റ്റ് മെസേജ് മാത്രമാണ് നിയമലംഘനം നടത്തിയവരുടെ ഫോണിലേക്ക് ലഭിക്കുക. വാട്സ് ആപ്പിലുള്ള വ്യാജ സന്ദേശം ജാഗ്രതയോടെ കൈകാര്യം ചെയ്യണം. നിയമലംഘനം നടത്തിയിട്ടുണ്ടോ, ചെല്ലാൻ ലഭിച്ചിട്ടുണ്ടോ എന്നറിയാൻ പരിവാഹൻ വെബ്‌സൈറ്റിൽ ഇ-ചെല്ലാൻ പരിേശാധിച്ചാൽ അറിയാം.
മോട്ടോർ വാഹനവകുപ്പ് അധികൃതർ