കൊല്ലം: ആശ്രാമം ഇ.എസ്.ഐ മോഡൽ ആൻഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിറുത്തിവച്ചിരുന്ന ഹൃദ്രോഗ വിഭാഗം ഒ.പി പ്രവർത്തനം ആരംഭിച്ചു. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ഒ.പി പ്രവർത്തിക്കുക. പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ബിനു രമേശാണ് ഹൃദ്രോഗ വിഭാഗം കൺസൾട്ടന്റായി ചുമതലയേറ്റെടുത്തത്. ഇ.എസ്.ഐ നേരിട്ട് കാർഡിയോളജി വിഭാഗം ആരംഭിക്കുന്നതിന്റെ പ്രാരംഭ ഘട്ടം എന്ന നിലയിലാണ് ഒ.പി പ്രവർത്തനം ആരംഭിച്ചത്. ഘട്ടം ഘട്ടമായി ആധുനിക സൗകര്യങ്ങളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ഹൃദ്രോഗ വിഭാഗം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. വിഭാഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി എക്കോ, ടി.എം.ടി മെഷീനുകളും, ഹാർട്ടർ മോണിറ്ററും വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചു. രോഗികൾക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ചികിത്സ ലഭ്യമാക്കും. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യാനും വ്യവസ്ഥയുണ്ട്.

കരാറെടുത്തിരുന്ന സ്വകാര്യ സ്ഥാപനം ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ ലൈസൻസ് പുതുക്കാത്ത സാഹചര്യത്തിലാണ് ഹൃദ്രോഗവിഭാഗത്തിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവയ്ക്കേണ്ടി വന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഹൃദ്രോഗ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചതോടെ നിരവധി രോഗികളാണ് ബുദ്ധിമുട്ടിലായത്. ഇതോടെ ഇ.എസ്.ഐ ഡയറക്ടർ ബോർഡ് യോഗത്തിലടക്കം എൻ.കെ.പ്രേമചന്ദ്രൻ എം.പി വിഷയം ശക്തമായി ഉന്നയിക്കുകയും അടിയന്തരമായി പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെടുകയും മന്ത്രിക്കും ഇ.എസ്.ഐ ഡയറക്ടർ ജനറലിനും കത്ത് നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.

കാർഡിയോളജി വിഭാഗം ശാക്തീകരിക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ച് മെഡിക്കൽ സൂപ്രണ്ടുമായി ചർച്ച നടത്തിയിട്ടുണ്ട് . നടപടികൾ ത്വരിതപ്പെടുത്തും.

എൻ.കെ. പ്രേമചന്ദ്രൻ എം.പി