കൊല്ലം : കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചെന്നാരോപിച്ച് കൊല്ലം എക്സൈസ് കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയായ യുവാവിനെ കോടതി വിട്ടയച്ചു. കൊട്ടാരക്കര കരീപ്രയിൽ അമ്പിളി നിവാസിൽ അനീഷിനെ ( 38 ) യാണ് കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് വെറുതേ വിട്ടത്. 2022 ജനുവരി 10 ന് രാത്രി 10.30 ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അനീഷിന്റെ വീട്ടിലെത്തിയ എക്സൈസ് സംഘം 3.1 കിലോ കഞ്ചാവ് കണ്ടെടുത്തെന്നാണ് പ്രോസിക്യൂഷൻ കേസ്.പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ഏഴുസാക്ഷികളെ വിസ്തരിച്ചു . കെമിക്കൽ ലാബ് റിപ്പോർട്ടുൾപ്പടെ ഏഴു രേഖകൾ ഹാജരാക്കി. പ്രതിയ്ക്കെതിരെയുള്ള ആരോപണം സംശയാതീതമായി തെളിയിയ്ക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു.

പ്രതിയ്ക്കു വേണ്ടി അഭിഭാഷകരായ കല്ലൂർ കൈലാസ് നാഥ് , ആർ.എസ്.പ്രശാന്ത് ,ഉമയനല്ലൂർ ബി. ദീപു എന്നിവർ ഹാജരായി.