എഴുകോൺ : ചിറ്റകോട് മൂഴി ഭാഗത്ത് കുറുക്കന്റെ ആക്രമണത്തിൽ മൂന്നുപേർക്കും വളർത്ത് മൃഗങ്ങൾക്കും പരിക്കേറ്റു.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. ചിറ്റാകോട് തെക്കേപുര മേലതിൽ വീട്ടിൽ മാത്തൻ പണിക്കർ, സമീപത്ത് വിരുന്നിനെത്തിയ രണ്ട് യുവാക്കൾ എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് റെജി പണിക്കരുടെ രണ്ട് ആടുകൾക്ക് കുറുക്കന്റെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മൂഴി ഭാഗത്ത് വെച്ച് രണ്ട് പശുകുട്ടികളെയും ഒരു പോത്തിനേയും ആക്രമിച്ചു. പോത്തിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് മാത്തൻ പണിക്കർക്ക് പരിക്കേറ്റത്. കൈയ്ക്കും നെഞ്ചിനുമാണ് പരിക്ക്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പശുക്കുട്ടികളെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് യുവാക്കൾക്ക് പരിക്കേറ്റത്. പ്രദേശത്ത് കുറുക്കന്റെ സാനിദ്ധ്യം നേരത്തെ ഉണ്ടെങ്കിലും ആക്രമിച്ചത് ആദ്യമാണ്. പന്നിയും, മുള്ളൻ പന്നിയും പ്രദേശത്ത് ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.