പിറവന്തൂർ : ഹരിത കർമ്മ സേന ശേഖരിച്ചു കൂട്ടിയിരുന്ന അജൈവ മാലിന്യങ്ങൾക്കിടയിൽ ശംഖുവരയൻ. പ്ലാസ്‌റ്റിക് ഉൾപ്പടെ ശേഖരിച്ച മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെയാണ് കവറിൽ നിന്ന് പൂർണ വളർച്ചയെത്തിയ പാമ്പ് പുറത്ത് ചാടിയത്. തരംതിരിക്കുകയായിരുന്ന സ്‌ത്രീ തൊഴിലാളി കടിയേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്‌ത്രീകൾ ബഹളം വെച്ചതോടെ പാമ്പ് സമീപത്തെ കാട്ടിലേക്ക് മറഞ്ഞു.
പിറവന്തൂർ പഞ്ചായത്തിലെ 21 വാർഡുകളിൽ നിന്നായി ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിച്ച് കറവൂരിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ സൂക്ഷിച്ച മാലിന്യക്കൂമ്പാരമാണ് പാമ്പ് താവളമാക്കിയത്. മാസങ്ങളോളം ഇവിടെ സൂക്ഷിച്ച ശേഷമാണ് ക്ലീൻ കേരള കമ്പിനി മാലിന്യ ലോഡുകൾ കൊണ്ടു പോകുന്നത്. ഒരു വാർഡിന് രണ്ട് ഹരിത കർമ്മ സേനാംഗങ്ങളാണ് എന്ന കണക്കിനാണ് തൊഴിലാളികൾ പ്രവർത്തിക്കുന്നത്.