xxxx
xxxxx

തഴവ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള വാർഡുകളുടെ അതിർത്തി പുനർനിർണയം പ്രാദേശിക തലത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. നിലവിൽ പഞ്ചായത്ത് ഭരണത്തിലുള്ള മുന്നണികൾ രാഷ്ട്രീയ സ്വാധീനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അതിർത്തി പുനർനിർണയം ദുരുപയോഗം ചെയ്യുന്നതായി മറ്റുള്ള രാഷ്ടീയ പാർട്ടി പ്രവർത്തകർ ആരോപിക്കുന്നു. ഗ്രാമ പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം 24 ആയി ഉയർത്തിയാണ് പുനർനിർണയ നടപടിയുടെ കരട് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

വീടുകളുടെ എണ്ണം കുറയ്ക്കാൻ

പുതിയ നടപടി അനുസരിച്ച് കുലശേഖരപുരത്ത് 1ഉം തഴവയിൽ 2ഉം വാർഡുകളാണ് പുതിയതായി ഉണ്ടായത്. നിലവിലുള്ള പ്രദേശത്ത് നിന്ന് പുതിയതായി ഒന്നോ രണ്ടോ വാർഡുകൾ രൂപപ്പെടുന്നതിലൂടെ പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും വീടുകളുടെ എണ്ണത്തിൽ കുറവ് വരുത്താനാണ് അധിക്യതർ ശ്രമിക്കുന്നത്. വാർഡുകൾ രൂപപ്പെടുത്തുന്നതിന് വോട്ടർമാരുടെ എണ്ണമാണ് നിയമപരമായി പരിഗണിക്കേണ്ടതെന്നിരിക്കെ ഇപ്പോൾ നടക്കുന്ന അതിർത്തി പുനർനിർണയത്തിന് വീടുകളുടെ എണ്ണം മാത്രമാണ് മാനദണ്ഡമാക്കിയിരിക്കുന്നത്. ഓരോ വീടുകളിലും കുടുംബാംഗങ്ങളുടെ എണ്ണത്തിൽ പ്രാദേശികമായി പോലും വലിയ വ്യത്യാസം വരാമെന്നിരിക്കെ ഇപ്പോൾ നടക്കുന്ന നടപടികൾ അശാസ്ത്രീയമാണെന്ന വാദം ശക്തമായിരിക്കുകയാണ്.

വാടക വീടുകളും

പുതിയതായി വരാനിരിക്കുന്ന ഓരോ വാർഡുകളിലും വീടുകളുടെ എണ്ണം ക്രമപ്പെടുത്തുന്നത് അതാത് പഞ്ചായത്തിലെ ആകെ വീടുകളുടെ എണ്ണം അനുസരിച്ചാണ്. പ്രത്യേക സാഹചര്യത്തൽ ഇത് 10 ശതമാനം വരെ കുറയുകയോ കൂടുകയോ ചെയ്യാമെന്ന് അധികൃതർ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികൾ തമിഴ്നാട്ടിൽ നിന്നെത്തിയിട്ടുള്ള ചിട്ടി പിരിവുകാർ ,കച്ചവടക്കാർ തുടങ്ങിയവർ ഉപയോഗിച്ചു വരുന്ന നിരവധി വാടക വീടുകളും ഇപ്പോഴത്തെ അവസ്ഥയിൽ കണക്കിൽ ഉൾപ്പെടുന്ന സ്ഥിതിയാണ്.

മാനദണ്ഡങ്ങൾ ലംഘിച്ച്

അതിർത്തി പുനർനിർണയം സംബന്ധിച്ച് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് വിജ്ഞാപനത്തിൽ സർക്കാർ ശുപാർശ ചെയ്യുന്ന അതിർത്തി മാനദണ്ഡങ്ങളും വ്യാപകമായി ലംഘിച്ച അവസ്ഥയാണ്. പല വാർഡുകളിലും പുതിയ ഭാഗങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നതും ഒഴിവാക്കിയിരിക്കുന്നതും മാനദണ്ഡങ്ങൾ ലംഘിച്ചാണ്. പുതിയ വാർഡുകളുടെ അതിർത്തിയായി പറയുന്ന ഭാഗങ്ങളും പുതിയതായി കൂട്ടിച്ചേർത്ത വീടുകളും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത സ്ഥിതിയാണ്.