xxxx
മടത്തറ തോട്ടിലെ ഒഴുകുപാറ ഭാഗത്ത് നീരൊഴുക്കിന് മീതെ കോൺക്രീറ്റ് ചെയ്തു ഇരു ഭാഗത്തെയും നടവരമ്പ് മണ്ണിട്ട് മൂടിയ നിലയിൽ

മടത്തറ : മടത്തറ തോട് കൈയ്യേറ്രം വ്യാപകമായിട്ടും അധികൃതർ അനങ്ങുന്നില്ലെന്ന് ആക്ഷേപം. മടത്തറ ഒഴുകുപാറ ഭാഗത്താണ് കൈയ്യേറ്രം വ്യാപകമായിരിക്കുന്നത്. വരമ്പ് ഉൾപ്പടെ 6 മീറ്റർ വീതിയുണ്ടായിരുന്ന തോട് മിക്ക ഭാഗങ്ങളിലും ഏകദേശം 2 മീറ്ററായി ചുരുങ്ങി. ഇരവശത്തുമുള്ള ഭൂവുടമകൾ മണ്ണിട്ട് നികത്തി സ്വന്തം ഭൂമിയോട് ചേർത്തതിനെ തുടർന്നാണ് ചുരുങ്ങിയത്. ഏകദേശം 20 മീറ്ററോളം ഭാഗത്ത് തോടിന് മീതെ കോൺക്രീറ്റ് ചെയ്‌തു കൈയ്യേറ്റം നടത്തിയവരുമുണ്ട്. തോടിന്റെ ഇരു വളത്തും ഭൂമിയുള്ള ഒരു വ്യക്തിയാണ് നിയമത്തെ വെല്ലുവിളിച്ച് ഈ വിധത്തിൽ തോടും വരമ്പും ഇരു വശത്തുമുള്ള തങ്ങളുടെ ഭൂമിക്കൊപ്പം ചേർത്തത്. ഇവിടെ നീരൊഴുക്ക് കോൺക്രീറ്റിന്റെ അടിഭാഗത്ത് കൂടിയാണ്.

തുടർനടപടികളില്ല

നേരത്തെ കൈയ്യേറ്രത്തെ കുറിച്ച് വാർത്തകൾ വന്നതോടെ ചിതറ വില്ലേജ് അധികൃതർ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല.തുടർനടപടികൾക്കായി റിപ്പോർട്ട് കൊട്ടാരക്കര തഹസിൽദാർക്ക് അയക്കുമെന്നായിരുന്നു നിലപാട്.

തോടിന്റെ ഉടമസ്ഥത പഞ്ചായത്തിനും വരമ്പ് പുറമ്പോക്കായതിനാൽ ഉടമസ്ഥാവകാശം റവന്യു വകുപ്പിനുമാണ്.ഇരു വകുപ്പുകളും തമ്മിലുള്ള ഏകോപനമില്ലായ്‌മയും കൈയ്യേറ്റക്കാർക്ക് സഹായകമാകുന്നുവെന്നും ആക്ഷേപമുണ്ട്.

സ്ഥലം സന്ദർശിച്ചു. കൈയ്യേറ്റം വ്യക്തമാണ്. താലൂക്ക് സർവേയർ പരിശോധിച്ചാൽ മാത്രമേ കൈയ്യേറ്റത്തിന്റെ വ്യാപ്‌‌തി വ്യക്തമാകുവെന്ന് റിപ്പോർട്ട് അയച്ചിട്ടുണ്ട്. പക്ഷെ നടപടിയുണ്ടായില്ല. താലൂക്ക് സർവേയറുടെ തസ്‌തിക ഒഴിഞ്ഞു കിടക്കുന്നതാണ് കാരണമെന്ന് സംശയിക്കുന്നു.

വില്ലേജ് അധികൃതർ