x-p

തഴവ: ഓണാട്ടുകരയുടെ കരുതലിന് കൈനീട്ടുന്ന ഭിക്ഷുക്കൾ ഓച്ചിറയിലെത്തുന്ന സന്ദർശകർക്ക് കാരുണ്യക്കാഴ്ചയാകുന്നു. ക്ഷേത്ര ഗോപുരം മുതൽ ഒണ്ടിക്കാവ് വരെ ഒരു കിലോമീറ്ററോളം നീളുന്ന ക്ഷേത്ര പ്രദിക്ഷിണ വഴികളിൽ സ്ഥാനം പിടിച്ചിട്ടുള്ള നൂറ് കണക്കിന്ന് ഭിക്ഷുക്കളെ ക്ഷേത്ര അവകാശികളായി തന്നെ കരുതി ദക്ഷിണ നൽകി വണങ്ങിയാണ് വ്യശ്ചികോത്സവ വേളയിൽ ഓണാട്ടുകരക്കാർ പരബ്രഹ്മ ഉപാസന നടത്തുന്നത്.

അഗതികളെയും അംഗവൈകല്യം ഏറ്റ നിരാലംബരെയും അംഗീകരിക്കുക എന്നത് അനാദികാലമായി ഓച്ചിറയിൽ നിലനിൽക്കുന്ന ആചാരമാണ്. ഉത്സവകാലത്ത് ക്ഷേത്രത്തിലെത്തുന്ന ഭിക്ഷുക്കൾക്ക് ദക്ഷിണ കരുതിത്തന്നെയാണ് ഓണാട്ടുകരക്കാർ ഓച്ചിറയിലെത്തുന്നത്. ഓരോ വ്യശ്ചികോത്സവത്തിന് ശേഷമുള്ള പതിനൊന്ന് മാസങ്ങളിലായി വീടുകളിൽ കരുതിവയ്ക്കുന്ന നേർച്ചപ്പണമാണ് ഉത്സവകാലത്ത് ഭക്തജനങ്ങൾ ഭിക്ഷുക്കൾക്ക് നൽകുന്നത്. നേർച്ചപ്പണം കൂടാതെ കമ്പിളികൾ ഉൾപ്പടെയുള്ള വസ്ത്രങ്ങൾ, ആഹാര സാധങ്ങൾ തുടങ്ങി ഭിക്ഷുക്കളായെത്തുന്നവരെ പ്രീതിപ്പെടുത്താനുള്ള തിരക്കാണ് എങ്ങും.

നൂറ്റിയറുപതിൽപ്പരം ഭിക്ഷുക്കളെയാണ് ക്ഷേത്ര അഗതിമന്ദിരത്തിൽ നിലവിൽ സംരക്ഷിച്ചുവരുന്നത്. ഇവരെ കൂടാതെ പടനിലത്ത് തന്നെ അന്തിയുറങ്ങുന്ന നാൽപ്പതോളം സ്ഥിരം ഭിക്ഷുക്കളും ക്ഷേത്രത്തിലുണ്ട്. എന്നാൽ വൃശ്ചികോത്സവം ആരംഭിക്കുന്നതോടെ തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങി തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി പേരാണ് പടനിലത്ത് ഭിക്ഷാടനത്തിനെത്തുന്നത്. ക്ഷേത്ര ആചാരപരമായ പരിഗണന പൗരാണിക കാലം മുതൽ നിലനിൽക്കുന്നതിനാൽ ഓച്ചിറയിൽ ഭിക്ഷാടനത്തിന് നിയന്ത്രണം ഏർപ്പെടുത്താനോ നിരോധിക്കാനോ കഴിയില്ല.