t
കൊല്ലം ബച്ചിൽ ലൈഫ് ഗാർഡുകൾക്കു വേണ്ടിയുള്ള വാച്ച് ടവർ പൊട്ടിപ്പൊളിഞ്ഞ നിലയിൽ

കൊല്ലം: രാത്രി​ വൈകി​യും ഏറെ തി​രക്കുള്ള കൊല്ലം ബീച്ചി​ൽ സന്ദർശകരുടെ സുരക്ഷയ്ക്ക് തെല്ലും വി​ലയി​ല്ല. സന്ദർശകരെ നി​രീക്ഷി​ക്കാൻ നി​യോഗി​ച്ചി​ട്ടുള്ള ലൈഫ് ഗാർഡുകളുടെ അവസ്ഥയും പരി​താപകരം.

വർഷാവർഷമുള്ള കടലിറക്കം മൂലം ബീച്ചിന്റെ ദൂരപരിധി വർദ്ധിക്കുന്ന സ്ഥിതിയാണ്. എണ്ണത്തിൽ കുറവുള്ള ലൈഫ് ഗാർഡുമാർക്ക് പലഭാഗത്തും ഓടിയെത്താനാകാത്ത അവസ്ഥ. വിലക്ക് ലംഘിച്ച് കടലിൽ ഇറങ്ങുന്നവരെ തടയാൻ ആകെയുള്ള ആയുധം 'വിസിൽ' മാത്രമാണ്. കൂടാതെ, കീറിയ നാല് റെസ്‌ക്യു ട്യൂബും പഴക്കം ചെന്ന് പൊടിഞ്ഞ എട്ട് ലൈഫ് ജാക്കറ്റും അപായ സൂചനയ്ക്ക് ഒരു ചുവന്ന കൊടിയുമുണ്ട്.

ബീച്ചിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് അപകടമുണ്ടായാൽ സഹായം തേടുന്നതിന് വാക്കിടോക്കി വേണമെന്ന് കാലങ്ങളായി ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ല. അപകടസാദ്ധ്യത വളരെ കൂടുതലുള്ള കൊല്ലം ബീച്ചിൽ 12 ലൈഫ് ഗാർഡുമാർ ആവശ്യമുണ്ടെങ്കിലും 7 പേർ മാത്രമാണുള്ളത്. 11 മാസത്തിനിടെ ഇവി​ടെ 4 സന്ദർശകരുടെ ജീവൻ നഷ്ടമായി​. അപകടത്തിൽപ്പെട്ട നൂറിലധികം പേരേ ജീവൻ പണയം വച്ചാണ് ലൈഫ് ഗാർഡുമാർ രക്ഷിച്ചത്. കപ്പൽ ചാലുള്ളതിനാൽ തുടക്കത്തിൽ തന്നെ 4 മീറ്റർ ആഴമുണ്ട്. കാൽ നനയ്ക്കാൻ തിരയിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നവരിൽ കൂടുതലും

. ബീച്ചിൽ സുരക്ഷയ്ക്ക് ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് ടൂറിസം വകുപ്പ് അധികൃതർക്ക് നൽകിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച റിപ്പോർട്ട് മുകളിലേക്ക് അയച്ചിട്ടുണ്ടെന്നാണ് ലൈഫ് ഗാർഡുമാർക്ക് കിട്ടിയ മറുപടി.

തെറി​വി​ളി​ മി​ച്ചം!

ബീച്ചിൽ ജീവൻ പണയം വച്ചും ആത്മാർത്ഥമായി ജോലിചെയ്യുന്ന തങ്ങൾക്ക് പലപ്പോഴും തിരികെ ലഭിക്കുന്നത് സന്ദർശകരുടെ അസഭ്യ വർഷവും മർദ്ദനവുമാണെന്ന് ലൈഫ് ഗാർഡുമാർ പറയുന്നു. ദിവസങ്ങൾക്ക് മുൻപ് ബീച്ചിൽ തിരയിൽപ്പെട്ടയാളെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചപ്പോൾ ഒരു സംഘം യുവാക്കൾ ലൈഫ് ഗാർഡിനെ മർദ്ദിച്ചു. ലൈഫ് ഗാർഡുമാർക്ക് വർഷാവർഷം ലഭിച്ചിരുന്ന യൂണിഫോം രണ്ട് വർഷമായി കിട്ടുന്നില്ല. ഇതിന് പുറമേ കുട, റെസ്‌ക്യു ട്യൂബ്, വാക്കിടോക്കി, ബെനോകുലർ എന്നിവയും ആവശ്യപ്പെട്ടെങ്കിലും ലഭിക്കുന്നത് അവഗണന മാത്രം.

പൊളിഞ്ഞ് വാച്ച് ടവർ


ബീച്ചിൽ നിരീക്ഷണത്തിനായി എട്ടുവർഷം മുൻപ് സ്ഥാപിച്ച വാച്ച് ടവർ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ശക്തമായ കടൽക്കാറ്റിൽ മേൽക്കൂരയുടെ ഭൂരിഭാഗവും നശിച്ചു. മഴ പെയ്താൽ ടവറിനുള്ളിൽ വെള്ളം നിറയും. തുടർച്ചയായി വെള്ളം വാച്ച് ടവറിനുള്ളിൽ വീണ് ഉപകരണങ്ങൾ നശിക്കുന്ന സ്ഥിതിയുമുണ്ട്. ഒന്നരവർഷമായി ഇതാണ് അവസ്ഥ.