
കൊല്ലം: പൊതുനിരത്തിൽ നിയമം ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് ഇനി പത്തനാപുരം ഗാന്ധിഭവനിൽ സേവനശിക്ഷ. പ്രായപൂർത്തിയാകാത്ത കുട്ടികളും ചെറുപ്പക്കാരും മോട്ടോർവാഹന നിയമങ്ങൾ ലംഘിക്കുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് മാതൃകാപരമായ ശിക്ഷയും ബോധവത്കരണവും നൽകുന്നതെന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ പറഞ്ഞു. സർക്കാർ ഉത്തരവ് കെ.എസ്.ആർ.ടി.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.എസ്.പ്രമോജ് ശങ്കർ ഗാന്ധിഭവനിലെത്തി മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജന് കൈമാറി.
ഗാന്ധിഭവനിലെ ആയിരത്തിമുന്നൂറോളം അന്തേവാസികളിൽ അപകടങ്ങളിൽപ്പെട്ടും പക്ഷാഘാതം ബാധിച്ചുമൊക്കെ ഇരുനൂറ്റമ്പതിലേറെ രോഗികൾ കിടപ്പിലാണ്. ഇവരെ പരിചരിച്ച് മടങ്ങുമ്പോൾ നിയമം കൃത്യമായി പാലിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് പുനലൂർ സോമരാജൻ പറഞ്ഞു.