കൊല്ലം : പ്രവർത്തനരഹിതമായി കിടക്കുന്ന പുനലൂർ മുനിസിപ്പാലിറ്റിയിലെ
ശ്മശാനം പ്രവർത്തന സജ്ജമാക്കണമെന്ന് അഖിലകേരള വിശ്വകർമ്മ മഹാസഭ പുനലൂർ താലൂക്ക് യൂണിയൻ പൊതുയോഗം മുനിസിപ്പൽ അധികൃതരോട് ആവശ്യപ്പെട്ടു. ശ്മശാനം പ്രവർത്തനരഹിതമായതോടെ വളരെ ബുദ്ധിമുട്ടുകയാണ്. ആരെങ്കിലും മരിച്ചാൽ തെന്മലയോ കുളത്തൂപ്പുഴയിലോ കൊല്ലത്തോ കൊണ്ടുപോകേണ്ട അവസ്ഥയാണ്. ഇത് അടിയന്തരമായി പരിഹരിക്കണം. വൈദ്യുതിയും വാതകവും ഉപയോഗിച്ച് ശ്മശാനം പ്രവർത്തിപ്പിക്കുവാൻ സൗകര്യമുണ്ടായിട്ടും തകരാറുകൾ സംഭവിക്കുന്നത് അന്വേഷണ വിധേയമാക്കേണ്ടതാണ്. വൈദ്യുതിയിലും വാതകത്തിലും പ്രവർത്തിപ്പിക്കുവാൻ കഴിയാത്ത അവസ്ഥയാണെങ്കിൽ പരമ്പരാഗതമായ വിറക് ഉപയോഗിച്ച് മൃതദേഹങ്ങൾ സംസ്കരിക്കേണ്ടതാണെന്നും പൊതുയോഗം ആവശ്യപ്പെട്ടു.

യൂണിയൻ പ്രസിഡന്റ് ജി.ത്യാഗരാജൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. സോമശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു. നേതാക്കളായ എസ്.കെ.ബാലചന്ദ്രൻ, ജി.ബാബുജി, ജി. മുരളീധരൻ , കുന്നിൽരാജൻ , സത്യശീലൻ അഞ്ചൽ ദേവരാജൻ എന്നിവർ സംസാരിച്ചു.