
തഴവ: ജില്ലയിലെ ഏറ്റവും മികച്ച ഒന്നാമത്തെ സർവീസ് സഹകരണ ബാങ്കിനുള്ള കേരള ബാങ്കിന്റെ എക്സലൻസ് അവാർഡ് കുലശേഖരപുരം സർവീസ് സഹകരണ ബാങ്കിന് (ക്ലിപ്തം നമ്പർ 995) ലഭിച്ചു. .കണ്ണുരിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, സെക്രട്ടറി സി.നിഷ , ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്ന് കേരള ബാങ്ക് മാനേജ്മെന്റ് ചെയർമാൻ വി.രവീന്ദ്രനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. 1961ൽ പ്രവർത്തനം ആരംഭിച്ച ഈ ബാങ്ക് എ ക്ലാസ് വൺ സൂപ്പർ ഗ്രേഡിൽ പ്രവർത്തിക്കുന്നു. മൂന്ന് ബ്രഞ്ചുകളുണ്ട്. വളം ഡിപ്പോ, നീതി സ്റ്റോർ, ജനസേവന കേന്ദ്രം, നീതി മെഡിക്കൽസ് തുടങ്ങിയ സ്ഥാപനങ്ങളും നല്ല നിലയിൽ പ്രവർത്തിക്കുന്നു. ജീവകാരുണ്യ രംഗത്തും മികച്ച പ്രവർത്തനമാണ് ബാങ്ക് നടത്തിവരുന്നത്. മാരക രോഗങ്ങൾ ബാധിച്ചവർക്ക് ചികിത്സാ സഹായം, വിദ്യാഭ്യാസ മെരിറ്റ് അവാർഡുകൾ , കർഷക അവാർഡുകൾ തുടങ്ങിയ ജനക്ഷേമ പ്രവർത്തനങ്ങളും നടത്തിയതിനാണ് ജില്ലയിലെ മികച്ച സർവീസ് സഹകരണബാങ്കായി തിരഞ്ഞെടുത്തത്.