കൊല്ലം: കരകൗശല മേഖലയിൽ കേരള ബ്രാൻഡ് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പ്രത്യേക പദ്ധതിക്ക് ബഡ്ജറ്റിൽ ഉൾപ്പെടുത്തി സഹായം നൽകുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേരള കരകൗശല വികസന കോർപ്പറേഷന്റെ 'കൈരളി' കൊല്ലം ഷോറൂം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ബീച്ച് റോഡിലെ ബെൻസിഗർ ആശുപത്രിക്ക് സമീപമുള്ള ആമ്പാടി ഹോട്ടൽ കെട്ടിടത്തിലാണ് പുതിയ ഷോറൂം പ്രവർത്തനം തുടങ്ങിയത്. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായി. മേയർ പ്രസന്ന ഏണസ്റ്റ് ആദ്യ വിൽപ്പന നടത്തി. കേരള കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ മുഖ്യപ്രഭാഷണം നടത്തി. കളക്ടർ എൻ.ദേവിദാസ്, കേരള കരകൗശല വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ജി.എസ്.സന്തോഷ്, ഡയറക്ടർ ബി.ബാബു, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.ശിവകുമാർ, കൈരളി യൂണിറ്റ് ഇൻ ചാർജ് ലക്ഷ്മി സുഭാഷ് എന്നിവർ സംസാരിച്ചു.