കൊല്ലം: അറുപത്തിമൂന്നാമത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് കഥകളിപിറന്ന മണ്ണിൽ കൊടിയേറും. ഇടവേളയ്ക്ക് ശേഷമെത്തുന്ന കൗമാര കലാമാമാങ്കത്തെ ഹൃദ്യവരവേൽപ്പ് നൽകുകയാണ് കൊട്ടാരക്കര. കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടാണ് പ്രധാന വേദി. ഗവ.ഹയർ സെക്കൻഡറി സ്കൂൾ, തൃക്കണ്ണമംഗൽ എസ്.കെ.വി.എച്ച്.എസ്.എസ്, തൃക്കണ്ണമംഗൽ കാർമ്മൽ സ്കൂൾ, തൃക്കണ്ണമംഗൽ ജി.എൽ.പി സ്കൂൾ, ടൗൺ യു.പി സ്കൂൾ, എൽ.എം.എസ് എൽ.പി സ്കൂൾ, മാർത്തോമ്മ ഗേൾസ് എച്ച്.എസ്, എം.ടി എൽ.പി സ്കൂൾ, സെന്റ് ഗ്രിഗോറിയോസ് എച്ച്.എസ്.എസ്, കിഴക്കേക്കര സെന്റ് മേരീസ് എച്ച്.എസ്.എസ് എന്നിങ്ങനെ പതിന്നാല് വേദികളാണുള്ളത്. പന്ത്രണ്ട് ഉപജില്ലകളിൽ നിന്നായി പതിനായിരം കൗമാര പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. യു.പി വിഭാഗത്തിൽ 38 ഇനങ്ങളും ഗോത്രവർഗ കലകൾ ഉൾപ്പടെ ഹൈസ്കൂൾ വിഭാഗത്തിൽ 95 ഇനങ്ങളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 104 ഇനങ്ങളുമാണുള്ളത്. സംസ്കൃതോത്സവത്തിന് യു.പി വിഭാഗത്തിൽ 13 ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിന് 19 ഇനങ്ങളും അറബിക് കലോത്സവത്തിന് യു.പി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിനും 19 ഇനങ്ങൾ വീതവും ഉണ്ടാകും. മത്സരാർത്ഥികൾക്ക് വേദികളിൽ നിന്ന് വേദികളിലേക്കും ഭക്ഷണപ്പുരയിലേക്കുമെത്താൻ വാഹന സൗകര്യം ഏ‌ർപ്പെടുത്തിയിട്ടുണ്ട്.

കൊടിയേറ്റം ഇന്ന്

ഇന്ന് രാവിലെ 8.30ന് വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ പതാക ഉയർത്തും. തുടർന്ന് 9ന് രജിസ്ട്രേഷൻ. 9.30ന് രചനാ - ബാന്റുമേള മത്സരങ്ങൾ. ഔപചാരിക ഉദ്ഘാടനം നാളെ വൈകിട്ട് 3.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയാകും. കെ.സി.വേണുഗോപാൽ എം.പി മുഖ്യാതിഥിയാകും.

ഉദ്ഘാടന ചടങ്ങിൽ കലാപ്രവർത്തകരില്ല

രണ്ട് മന്ത്രിമാരും എം.പിയും നാല് എം.എം.എമാരുമടക്കം മുപ്പതിൽപ്പരം ജനപ്രതിനിധികളുടെ പേരുകളാണ് ഉദ്ഘാടന ചടങ്ങിലുള്ളത്. ഒട്ടേറെ കലാപ്രതിഭകളുള്ള ജില്ലയിൽ നിന്ന് ഈ രംഗത്തെ ആരുടെയും പേരുകൾ നോട്ടീസിൽ ഉൾപ്പെടുത്താഞ്ഞത് പോരായ്മയായി. എം.മുകേഷ് എം.എൽ.എ കലാകാരനാണെന്ന മറുവാദമാണ് സംഘാടകർക്കുള്ളത്.

ഭക്ഷണപ്പുരയിൽ പാലുകാച്ചൽ

ഇക്കുറി സൗപർണിക ഓഡിറ്റോറിയത്തിലെ ഭക്ഷണപ്പുരയ്ക്ക് 'സ്വാദിഷ്ടം' എന്ന പേരാണ് നൽകിയിട്ടുള്ളത്. ഇന്ന് ഉച്ചഭക്ഷണത്തോടെ ഊട്ടുപുര ഉണരും. നാളെ മുതൽ മൂന്ന് നേരമാണ് ഭക്ഷണം. ഏഴായിരം മുതൽ പതിനായിരംവരെ ആളുകൾക്ക് ദിവസവും ഭക്ഷണം നൽകാനാണ് ക്രമീകരണം. ഓമല്ലൂർ അനിൽ ബ്രദേഴ്സാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഇന്നലെ പി.സി.വിഷ്ണുനാഥ് എം.എൽ.എ പാചകപ്പുരയിൽ പാലുകാച്ചൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, ഡി.ഇ.ഒ അമൃത, ഭക്ഷണ കമ്മിറ്റി ചെയർമാൻ പി.ഹരികുമാർ, കൺവീനർ പരവൂർ സജീബ്, ബിജു എബ്രഹാം, ബ്രിജേഷ് എബ്രഹാം, ബി.ജയചന്ദ്രൻ പിള്ള, ബിജുമോൻ, തോമസ്.പി.മാത്യു എന്നിവർ പങ്കെടുത്തു.

ട്രോഫികളെത്തി

കലോത്സവ വിജയികൾക്കുള്ള ട്രോഫികൾ എത്തിത്തുടങ്ങി. റോളിംഗ് ട്രോഫികൾ വിവിധ സബ് ജില്ലകളിൽ നിന്ന് എത്തിച്ചു. സ്പോൺസർഷിപ്പിലൂടെയും മറ്റും കൂടുതൽ ട്രോഫികൾ ലഭ്യമാക്കുന്നുണ്ട്. ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ട്രോഫി കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത്.