കൊല്ലം: പകർച്ചവ്യാധി വ്യാപനം അടക്കം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നുള്ള മലിനജലം റോഡിലേക്ക് ഒഴുകുന്നു. മെഡിക്കൽ കോളേജിലെ പൂർണതോതിൽ പ്രവർത്തിക്കാത്ത സ്വീവേജ് പ്ലാന്റിൽ നിന്നുള്ള മലിനജലം കുട്ടികളടക്കം നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന പാമ്പുറം- കോലയിൽ ഏലയിൽ റോഡിലേക്ക് ഒഴുകി തളം കെട്ടിക്കിടക്കുകയാണ്.

കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കൊതുക് അടക്കമുള്ള പ്രാണികൾ പെറ്റുപെരുകുന്നതിന് പുറമേ അസഹ്യമായ ദുർഗന്ധം കാരണം ഇതുവഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. തൊട്ടടുത്ത് വീടുകളിൽ താമസിക്കുന്നവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഛർദ്ദിയും ശ്വാസതടസും അൻുഭവപ്പെട്ടിരുന്നു. വർഷങ്ങളായി പ്ലാന്റിൽ നിന്നുള്ള മലിനജലം ഇടയ്ക്കിടെ റോഡിലേക്ക് പൊട്ടിയൊഴുകും. മലിനജലം ഭൂമിയിൽ താഴ്ന്നാണ് സമീപത്തെ കിണറുകളിൽ നിറവ്യത്യാസവും ദുർഗന്ധവും അനുഭവപ്പെടുന്നത്. കിണർ വെള്ളത്തിൽ ഇ - കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യവും കണ്ടെത്തിയിരുന്നു. മെഡിക്കൽ കോളേജിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള കിണറുകൾ മലിനീകരണ ഭീഷണിയിലാണ്.

മെഡിക്കൽ കോളേജിലെ ടോയ്ലെറ്റുകൾ, ഓപ്പറേഷൻ തീയേറ്ററുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലം ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ചാണ് സംസ്കരിക്കുന്നത്. സംസ്കരണ ശേഷം മോർച്ചറിക്ക് സമീപമുള്ള മൂന്ന് ഭീമൻ ടാങ്കുകളിലാണ് ജലം സംഭരിക്കുന്നത്. സ്വീവേജ് പ്ലാന്റ് കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ പൂർണമായും സംസ്കരിക്കാതെയാണ് വെള്ളം ഭീമൻ ടാങ്കുകളിൽ എത്തുന്നത്. സ്വീവേജ് പ്ലാന്റിന് പുറമേ ഈ ടാങ്കുകൾ കവിഞ്ഞും മലിനജലം റോഡിലേക്ക് ഒഴുകാറുണ്ട്.

ആരോഗ്യപ്രശ്നങ്ങൾക്ക് പുറമേ കുടിവെള്ളം മുട്ടുന്ന അവസ്ഥയാണ്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരം ആരംഭിക്കും.

ബൈജു ലക്ഷ്മൺ

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് അംഗം