തൊടിയൂർ: വെളുത്ത മണൽ ഭാഗത്ത് ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് മോഷ്ടാകളുടെ വിളയാട്ടം തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പല വീടുകളിലും ഒന്നിലധികം പ്രാവശ്യമാണ് മോഷ്ടാക്കളെത്തിയത്.
പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറു ഭാഗത്തുള്ള ഷിജിന മൻസിൽ ഷംസുദ്ദീന്റെ വീടിന്റെ ജനലിൽ ഇടിക്കുന്ന ശബ്ദം കേട്ട് ഉണർന്ന് ജനൽ തുറന്ന തൊട്ടടുത്ത വീട്ടിലെ യുവാവിന് നേർക്ക് മോഷ്ടാക്കൾ കല്ലെറിഞ്ഞു.ജനൽ തുറക്കാനാവാതെ വന്നതോടെ അവിടെ നിന്ന് പിൻവാങ്ങിയ സംഘം പരിസരത്തെ മറ്റൊരു വീടിന്റെ മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിന്റെ ലോക്ക് തകർത്ത് കാർ കടത്തികൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവിടെ നിന്ന് പിൻവാങ്ങിയ സംഘം അല്പം അകലെയുള്ള മറ്റൊരു വീട്ടിലെത്തി ജനൽ പൊളിക്കുന്നതിന് ശ്രമം നടത്തി. അവിടെയുണ്ടായിരുന്ന നായ്ക്കൾ കുരച്ച് ബഹളം കൂട്ടിയതോടെ അവയിൽ മുന്ന് നായ്ക്കളെ തലയ്ക്കടിച്ചു കൊന്ന ശേഷം മോഷ്‌ടാക്കൾ സ്ഥലം വിട്ടു. പുലർച്ചേ ഒന്നരയോടെയായിരുന്നു മോഷ്ടക്കാൾ ഷിജിന മൻസിൻ എത്തിയത്. വീട്ടുടമ ഉടൻ തന്നെ വിവരം പൊലീസ് കൺട്രോൺ റൂമിൽ അറിയിച്ചു. വൈകാതെ രണ്ടു വാഹനങ്ങളിലായി കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ആരെയയും കണ്ടെത്താനായില്ല.

നടപടി വേണം

രണ്ടാം തവണയാണ് ഷംസുദ്ദീന്റെ വീട്ടിൽ മോഷ്ടക്കൾ എത്തിയത്. തൊടിയൂർ പഞ്ചായത്ത് ഓഫീസിന് വടക്കുവശം, തൊടിയൂർ ഹയർ സെക്കൻഡറി സ്കൂൾ പരിസരങ്ങൾ തുടങ്ങിയ ഇടങ്ങളിലും മോഷ്ടാക്കളുടെ ശല്യം ഉണ്ടാകുന്നതായി പരാതിയുണ്ട്. നാട്ടുകാരുടെ സ്വൈര ജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുന്ന മോഷ്ടാക്കളെ അമർച്ച ചെയ്യാൻ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.