photo

കൊല്ലം: ദീർഘവീക്ഷണത്തോടെയുള്ള ഗുരുദേവന്റെ വിദ്യാഭ്യാസ ദർശനം കാലാതീതമാണെന്ന് ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ്. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി ഓച്ചിറ ശ്രീനാരായണ മഠത്തിൽ ഗുരുവിന്റെ വിദ്യാഭ്യാസ ദർശനം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുദേവന്റെ വീക്ഷണങ്ങളും ദർശനവും പരിശോധിച്ചാൽ വിദ്യാഭ്യാസം, ധനം, ശുചിത്വം എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയിരുന്നതെന്ന് വ്യക്തമാണ്. തൊട്ടുകൂടായ്മയും അയിത്തവും തൂത്തെറിയാനുള്ള മാർഗമായി ഗുരു ഉപദേശിച്ചത് വിദ്യയും ധനവും ആർജ്ജിക്കലും ശുചിത്വ പാലനവുമായിരുന്നു. കൂടിക്കാഴ്ചയ്ക്കിടയിൽ അധകൃതരുടെ ഉന്നമനത്തിന് അയിത്തോച്ചാടനത്തിന് അപ്പുറം എന്ത് ചെയ്യണമെന്ന മഹാത്മാഗാന്ധിയുടെ ചോദ്യത്തിന് അവർക്ക് വിദ്യയും ധനവും ഉണ്ടാകണമെന്നാണ് ഗുരുദേവൻ മറുപടി നൽകിയത്. എസ്.എൻ.ഡി.പി യോഗത്തിന്റെ ആദ്യകാല പ്രചാരകർക്കുള്ള നിർദ്ദേശങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ഇല്ലാത്ത സ്ത്രീ, പുരുഷന്മാർ സമുദായത്തിൽ ഉണ്ടാകരുതെന്ന് ഉറപ്പിക്കണമെന്ന് ഗുരു പറഞ്ഞിരുന്നു. മറ്റ് പിന്നാക്ക സമുദായങ്ങൾക്കും ഗുരു ഈ ഉപദേശം നൽകി.

നടരാജ ഗുരുവിനെ പാരീസിലും കുമാരനാശാനെ ബംഗളൂരുവിലും കൊൽക്കത്തയിലും ഉപരിപഠനത്തിന് പോകാൻ ഗുരുദേവൻ സാമ്പത്തികമായി സഹായിച്ചിരുന്നു. മറ്റ് നിരവധി ശിഷ്യരെ ഗുരു ഇത്തരത്തിൽ സഹായിച്ചിട്ടുണ്ട്. പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും വിദ്യാഭ്യാസം ഉണ്ടായിരിക്കണം. അവരെ ഇപ്രകാരമുള്ള കാര്യങ്ങളിൽ പിന്നോട്ട് തള്ളി വിടരുതെന്നും ഫെമിനിസവും തുല്യനീതിയുമൊക്കെ ചർച്ച ചെയ്യപ്പെടും മുമ്പേ ഗുരുദേവൻ പറഞ്ഞിരുന്നു. ഇന്റേൺഷിപ്പ് എന്നൊന്നും കേട്ടുകേഴ്‌വി പോലും ഇല്ലാതിരുന്ന കാലത്തായിരുന്നു വ്യവസായ ശാലകളിൽ അയച്ച് കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകണമെന്ന് ഗുരു പറഞ്ഞത്. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വക്താവായിരുന്നു ഗുരുദേവനെന്നും അദ്ദേഹം പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. കരകൗശല കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ കെ.ബി.ശ്രീകുമാർ, ശരത്ത്ചന്ദ്രൻ, വനിതാ സംഘം നേതാക്കളായ അംബികാദേവി, മധുകുമാരി, സ്മിത, ശാഖാ ഭാരവാഹികളായ വിദ്യാധരൻ, അശോകൻ, ജയചന്ദ്രൻ, നകുലൻ, ബിജു, സദാനന്ദൻ, ആനന്ദൻ, സാധു എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു.