കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയിൽ കടന്നൽ കൂട്ടം ഇളകി, നിരവധിപ്പേരെ കുത്തി. ഇന്നലെ വൈകിട്ടാണ് സംഭവം. കോട്ടാത്തല പത്തടി ചാപ്പോക്കിൽ ഉടയൻകാവ് ക്ഷേത്രത്തിന് സമീപത്തെ പുരയിടത്തിലെ കടന്നൽക്കൂട്ടമാണ് ഇളകി ആക്രമിച്ചത്.

ഏലായിൽ കൃഷിപ്പണിയിലേർപ്പെട്ടിരുന്ന തൊഴിലാളികളെയാണ് ആദ്യം കടന്നൽ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ പള്ളിക്കൽ കരിച്ചാൽ വിഷ്ണുഭവനിൽ സുഗതൻ (55), പാലവിള പുത്തൻവീട്ടിൽ രവീന്ദ്രൻ (60), പുത്തൻവിള കിഴക്കതിൽ മനോജ് (46), പത്തടി മണികണ്ഠേശ്വരം വീട്ടിൽ ബിജു (46), പ്രസാദ് ഭവനിൽ പ്രദീപ് (40) എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും കരിച്ചാൽ സൗമ്യഭവനിൽ തുളസീധരനെ (70) ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പരുന്ത് ഇളക്കിവിട്ടു

കടന്നൽ കൂട് പരുന്ത് കൊത്തിയിളക്കുകയായിരുന്നു. ഇരമ്പലോടെയെത്തിയ കടന്നലുകൾ തുളസീധരൻ, സുഗതൻ, രവീന്ദ്രൻ, മനോജ് എന്നിവരെയാണ് ആദ്യം കുത്തിയത്. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുത്തേറ്റു. ഇവർ നിലവിളിച്ച് ഓടുന്നതിനിടെ ബൈക്കിൽ സാധനങ്ങളുമായി വന്ന ബിജുവിനും കുത്തേറ്റു. ബിജു ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് സമീപവാസിയായ പ്രദീപ് വീടിന്റെ പിൻവാതിൽ തുറന്നപ്പോഴാണ് കുത്തേറ്റത്. കടന്നലുകൾ ഏറെനേരം പ്രദേശത്ത് പരിഭ്രാന്തി പരത്തി. തുളസീധരന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെയാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.