കൊല്ലം: അഷ്ടമുടി വള്ളക്കടവിൽ നിന്നു പേഴുംതുരുത്തിലേക്ക് പുതിയ പാലത്തിന് റെയിൽവേയുടെ അനുമതി വാങ്ങുന്നതിന് മുന്നോടിയായി എം. മുകേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിലെയും റെയിൽവേയിലെയും ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ഇന്ന് സ്ഥല പരിശോധന നടത്തും. റെയിൽവേ കനിഞ്ഞാൽ ഇനി മറ്റു വിഷയങ്ങൾ ഇല്ലാതെ പാലം യാഥാർത്ഥ്യമാവും.
ടോട്ടൽ സ്റ്റേഷൻ സർവേയിലൂടെ പുതിയ പാലത്തിന്റെ അലൈൻമെന്റ് പ്രാഥമികമായി തയ്യാറാക്കിയിട്ടുണ്ട്. അഷ്ടമുടി വള്ളക്കടവിൽ നിന്ന് ആരംഭിക്കുന്ന പാലം പേഴുംതുരുത്ത് ബോട്ട് ജെട്ടിയിൽ അവസാനിക്കും. അവിടെ നിന്ന് 400 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ് നിർമ്മിച്ച് ഇപ്പോൾ നിർമ്മാണം നടക്കുന്ന പെരുമൺ- പേഴുംതുരുത്ത് പാലത്തിന് സമീപം അവസാനിക്കുന്ന തരത്തിലാണ് അലൈൻമെന്റ്. പാലത്തിന് 14 സ്പാനുകളുണ്ട്. എന്നാൽ നിർദ്ദിഷ്ട അപ്രോച്ച് റോഡിന് ഇടയിലാണ് പെരുമൺ റെയിൽവേ പാലം അവസാനിക്കുന്നത്. ഇവിടെ അപ്രോച്ച് റോഡിന്റെ ഭാഗമായി അടിപ്പാത നിർമ്മിക്കാനാണ് ആലോചന. ഇതിന് റെയിൽവേയുടെ അനുമതി വാങ്ങുന്നതിന്റെ ഭാഗമായാണ് ഇന്നത്തെ സ്ഥലപരിശോധന.
പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ അഷ്ടമുടി ഭാഗത്തുള്ളവർക്ക് നേരിട്ട് ശാസ്താംകോട്ട, കുന്നത്തൂർ ഭാഗങ്ങളിലേക്ക് പോകാം. അവിടെ നിന്നുള്ളവർക്ക് നേരിട്ട് അഷ്ടമുടിയിലേക്കും എത്താം. എം. മുകേഷ് എം.എൽ.എ ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ ബഡ്ജറ്റിൽ പുതിയ പാലത്തിന്റെ പഠനത്തിനായി പണം നീക്കിവച്ചിരുന്നു.
അഷ്ടമുടി ഭാഗത്തിന് പുറമേ മറ്റ് പ്രദേശങ്ങളിലുമുള്ളവർക്ക് ഏറെ ഗുണം ചെയ്യുന്നതാണ് അഷ്ടമുടി പേഴുംതുരുത്ത് പാലം. യാത്രാസമയവും ഇന്ധനവുമൊക്കെ ലാഭിക്കാം. റെയിൽവേയുടെ അനുമതി ലഭിച്ചാൽ പദ്ധതി യാഥാർത്ഥ്യമാകും. "
എം. മുകേഷ് എം.എൽ.എ
ടോട്ടൽ സ്റ്റേഷൻ സർവേയിലൂടെ അലൈൻമെന്റ് ഏകദേശം തയ്യാറാക്കിയിട്ടുണ്ട്. അപ്രോച്ച് റോഡിനിടയിൽ റെയിൽവേ ലൈനിന് അടിയിലൂടെ അടിപ്പാത നിർമ്മാണത്തിന് റെയിൽവേയിൽ നിന്നുള്ള അനുമതിയാണ് പ്രധാന കടമ്പ
എം.പി. വിഷ്ണു (അസി. എൻജിനിയർ, പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം)