കൊല്ലം: കരുനാഗപ്പള്ളി സി.പി.എമ്മിൽ വിഭാഗീയത കത്തിനിൽക്കുന്നതിനിടെ തമ്മിലടിച്ച് ഡി.വൈ.എഫ്.ഐ നേതാക്കൾ. സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ഹാഷിം, മേഖലാ ട്രഷറർ കൂടിയായ സഹോദരൻ ആരിഫ് എന്നിവർക്ക് മർദ്ദനമേറ്റു.
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് കരുനാഗപ്പള്ളിയിൽ നടന്ന കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിക്ക് പിന്നാലെയാണ് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. നേരത്തെ സി.പി.എം കരുനാഗപ്പള്ളി ടൗൺ ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ പരിധിയിൽ ഗ്രൂപ്പ് യോഗം ചേർന്നിരുന്നു. വിവരമറിഞ്ഞ് ഹാഷിം അടങ്ങുന്ന സംഘം സ്ഥലത്തെത്തി. യോഗത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ ആരിഫിന്റെ ഫോൺ യോഗത്തിൽ പങ്കെടുത്ത ഒരു ഡി.വൈ.എഫ്.ഐ നേതാവ് പിടിച്ചുവാങ്ങി. ഇന്നലെ ഈ ഫോൺ തിരിച്ച് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. പരിക്കേറ്റവർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.