കൊട്ടാരക്കര: വർണങ്ങളുടെ മാരിവില്ല് വിതറി ജീവൻ തുടിക്കുന്ന ചിത്രങ്ങളാൽ ആശയാവിഷ്കാരങ്ങൾക്ക് സർഗാത്മക ഇടമൊരുക്കിയാണ് കലോത്സവത്തിന്റെ ആദ്യപകൽ കടന്നുപോയത്.
ഭാവന നിറംപിടിപ്പിച്ച എഴുത്തിലും അവതരണത്തിലും പക്വത പ്രകടമാക്കിയ രചനാവൈവിദ്ധ്യങ്ങളിലൂടെ കൗമാരം മികവുകാട്ടി. വിഷയങ്ങൾ നൽകിയാൽ കഥയും കവിതയും ഉപന്യാസവും പിന്നെ ചിത്രങ്ങളുമെഴുതാൻ കുട്ടിപ്രതിഭകൾക്ക് അധികസമയം വേണ്ടിവന്നില്ല. ചിന്തകളിൽ തീ പടർന്നാൽ എഴുതാൻ ഭാഷ അവർക്ക് പ്രശ്നമാകുന്നില്ല. മലയാളം മാത്രമായിരുന്നില്ല, ഇംഗ്ളീഷിലും ഹിന്ദിയിലും സംസ്കൃതത്തിലും അറബിയിലും ഉറുദുവിലും കന്നഡയിലും തമിഴിലുമൊക്കെ അവർ കഥയും കവിതയും ഉപന്യാസങ്ങളുമെഴുതി.
രചനാ മത്സരങ്ങളിലെല്ലാം പെൺകുട്ടികളുടെ പങ്കാളിത്തമേറി. മലയാളം കഥയും കവിതയുമെഴുതാൻ ഓരോ ആൺതരികൾ മാത്രമാണുണ്ടായിരുന്നത്. ഉപജില്ലകളിലെ മിന്നും പ്രകടനങ്ങളിലൂടെ പ്രതിഭ തെളിയിച്ച് ജില്ലാ മത്സരത്തിനെത്തിയവർ, ക്ളാസ് മുറികളിലിരുന്ന് എഴുതിയും വരച്ചും നാളേയ്ക്ക് പ്രതീക്ഷ നൽകി.