കൊല്ലം: മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർക്ക് സ്‌പെഷ്യൽ പാക്കേജുമായി കെ.എസ്.ആർ.ടി.സി ടൂറിസം സെൽ. ജില്ലയിലെ ഇടത്താവളങ്ങളും അയ്യപ്പ ക്ഷേത്രങ്ങളും ഉൾപ്പെടുത്തിയാണ് പാക്കേജ്. നവംബർ 30, ഡിസംബർ 7, 14 തീയതികളിലാണ് തീർത്ഥാടനം. രാവിലെ 5ന് കൊല്ലത്ത് നിന്ന് ആരംഭിച്ച് രാത്രി 9ന് മടങ്ങിയെത്തും. 670 രൂപയാണ് നിരക്ക്. ഇതിന് പുറമേ എല്ലാ ശനിയാഴ്ചയും രാത്രി 9ന് കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന തീർത്ഥാടന യാത്ര ഭക്തരെ പമ്പയിൽ എത്തിച്ച ശേഷം ഇവർ ദർശനം കഴിഞ്ഞ് തിരികെ വരുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. ഒരു യാത്രക്കാരന് നിലയ്ക്കൽ വഴി പമ്പയ്ക്കുള്ള ട്രിപ്പിന് 600 രൂപയും എരുമേലി വഴിയുള്ള യാത്രയ്ക്ക് 640 രൂപയുമാണ് ചാർജ്.

ഇതുകൂടാതെ ഒരു ബസ് പൂർണമായും ബുക്ക് ചെയ്യുന്ന ഗ്രൂപ്പിന് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിന്ന് യാത്രക്കാരെ കയറ്റി തിരികെ കൊണ്ടുവിടുന്ന തരത്തിലുള്ള പാക്കേജും കെ.എസ്. ആർ.ടി.സി അവതരിപ്പിച്ചിട്ടുണ്ട്. ഫോൺ: 9747969768, 9495440444.