കൊല്ലം: സർക്കാരുമായി ഭരണഘടനാധിഷ്ഠിത കരാറുകളിലേർപ്പെട്ട നിരവധി കരാറുകാർ കടക്കെണിയിലായതിനാൽ അടിയന്തരമായി പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കണമെന്ന് കേരള ഗവ. കോൺട്രാക്ടഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. 2018 ലെ പട്ടിക നിരക്കിൽ ഇപ്പോഴും പണികൾ ചെയ്യണം, എഗ്രിമെന്റ് വയ്ക്കാനോ പണി പൂർത്തിയാക്കാനോ വൈകിയാൽ കനത്ത പിഴ, പണി പൂർത്തിയായി ഒരു മാസത്തിനുള്ളിൽ 18 ശതമാനം ജി.എസ്.ടി അടയ്ക്കുന്നില്ലെങ്കിൽ ഇരട്ടി തുക പിഴയും പിഴപ്പലിശയും നൽകണം. രണ്ടായിരത്തിലേറെ കരാറുകാരുടെ അക്കൗണ്ടുകൾ ബാങ്കുകൾ മരവിപ്പിച്ചിരിക്കുന്നു.
കണ്ടിജൻസി ഫണ്ടിൽ (ആകസ്മിക ചെലവുകൾക്ക് വേണ്ടിയുള്ള ബഡ്‌ജറ്റ് വിഹിതം) നിന്ന് പോലും ബിൽ തുക നൽകണമെന്ന് ഫിനാൻഷ്യൽ കോഡിൽ വ്യവസ്ഥയുണ്ടെങ്കിലും, ബിൽ തുകകൾ അനിശ്ചിതമായി വൈകുകയാണ്. ടെഡ്സ് റിസീവബിൾസ് ഇലക്ട്രോണിക്ക് ഡിസ്‌കാണ്ടിംഗ് സിസ്റ്റം നടപ്പാക്കിയാൽ കുടിശ്ശിക പ്രശ്‌നം പരിഹരിക്കാം. പണിതീർന്ന് ഒരു മാസത്തിനുള്ളിൽ ധനകാര്യ സ്ഥാപനങ്ങൾ മുഖേന കരാറുകാർക്ക് ബിൽ തുക നൽകുകയും സർക്കാർ പലിശ സഹിതം ധനകാര്യ സ്ഥാപനങ്ങൾക്ക് തിരികെ നൽകുകയും ചെയ്യുന്ന രീതിയാണ് ടെഡ്‌സ്. കേന്ദ്ര പദ്ധതികൾക്ക് സംസ്ഥാന സർക്കാർ മാച്ചിംഗ് ഷെയർ നൽകുന്ന ഏർപ്പാട് അശാസ്ത്രീയമാണെന്നും ഭാരവാഹികൾ പറഞ്ഞു. ലൈസൻസ് ഫീസും സെക്യുരിറ്റി തുകയും മൂന്നിരട്ടിയാക്കിയതും മിക്ക കരാറുകാർക്കും താങ്ങാവുന്നതല്ല. പകുതിയോളം കരാറുകാർ ലൈസൻസ് ഉപേക്ഷിച്ചു.ടെഡ്‌സ് അല്ലെങ്കിൽ അനുയോജ്യമായ മറ്റ് സാമ്പത്തിക പാക്കേജ് അടിയന്തരമായി നടപ്പാക്കി കരാറുകാരെ നിലനിറുത്തണമെന്നും ആവശ്യപ്പെട്ടു. കെ.ജി.സി.എ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, ആക്കാവിള സതീക്ക്, നജീബ് മണ്ണേൽ, ചിറ്റുമൂല നാസർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.