x-p

തഴവ: ദക്ഷിണകാശിയെന്ന് പുകൾപെറ്റ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ചരിത്രപ്രസിദ്ധമായ വൃശ്ചികോത്സവത്തിന് ഇന്ന് സമാപനമാകും. തന്ത്രിയും മേൽശാന്തിയും ജ്യോതിഷ മുഹൂർത്തങ്ങളുമില്ലാതെ പടനിലത്ത് സ്ഥാപിച്ചിരിക്കുന്ന കൽവിളക്കുകളിൽ ഭക്തജനങ്ങൾ കൈത്തിരി കൊളുത്തുന്നതാണ് ഇന്ന് ക്ഷേത്രത്തിൽ നടക്കുന്ന പ്രധാന ചടങ്ങ്.

പന്ത്രണ്ട് ദിവസങ്ങളിലായി ക്ഷേത്രത്തിൽ ഭജനം പാർത്തുവരുന്ന ഭക്തജനങ്ങൾ അവരവരുടെ നേതൃത്വത്തിലും കൂടാതെ അൻപതിലധികം വരുന്ന കൽവിളക്കുകൾ കുത്തുവിളക്കുകൾ അലങ്കാര വിളക്കുകൾ എന്നിവയിലും സന്ധ്യയോടെ ദീപങ്ങൾ തെളിക്കും. ക്ഷേത്ര ദർശനത്തിനെത്തുന്ന നൂറുകണക്കിന് ഭക്തർ എണ്ണയും മൺചെരാതും വാങ്ങി പരബ്രഹ്മത്തിന് നേർച്ച ദീപങ്ങൾ സമർപ്പിക്കുന്നതോടെ സന്ധ്യയോടെ പടനിലം ദീപാലങ്കാരങ്ങൾ കൊണ്ട് നിറയും. വൈകിട്ട് 6 മണിയോടെയാണ് ദീപാരാധന. ആൽത്തറകളിൽ ആയിരം ദീപങ്ങളെ സാക്ഷിയാക്കി പരബ്രഹ്മത്തെ വണങ്ങാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി നിരവധിപ്പേർ ഇന്ന് ഓച്ചിറയിലെത്തും.