കൊട്ടാരക്കര: കൊട്ടാരക്കരയിൽ കലയുടെ വസന്തോത്സവമൊരുക്കി അറുപത്തി മൂന്നാമത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ കൊട്ടാരക്കര ഗവ.എച്ച്.എസ്.എസിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ.ലാൽ പതാക ഉയർത്തിയതോടെ കലാമാമാങ്കത്തിന് തുടക്കമായി. തുടർന്ന് പ്രധാന വേദിക്കരികിലായി ബാന്റ് മേളപ്പെരുക്കം തുടങ്ങി. ഗവ. എച്ച്.എസ്.എസിലെ വിവിധ ക്ളാസ് മുറികളിലായിട്ടാണ് രചനാ മത്സരങ്ങൾ നടന്നത്. കഥയും കവിതയും ഉപന്യാസവും പിന്നെ ചിത്രങ്ങളുമെഴുതി കുട്ടിപ്രതിഭകൾ മത്സരിച്ചു. ആദ്യദിനത്തിലെ വിരസത നീക്കി ഇന്ന് മേളയിലെ പതിന്നാല് വേദികളുമുണരും. ആടിയും പാടിയും പറഞ്ഞും കൗമാരം മാസ്മരിക മുഹൂർത്തങ്ങളൊരുക്കുമ്പോൾ കഥകളി നാടിന് കൂടുതൽ ചാരുത പകരും. രാവിലെ 9ന് വേദികളുണരുമെങ്കിലും ഉദ്ഘാടന സമ്മേളനം വൈകിട്ട് 3നാണ്. ഗവ. എച്ച്.എസ്.എസ് ഗ്രൗണ്ടിലൊരുക്കിയ പ്രധാനവേദിയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ തിരിതെളിച്ച് ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയാകും. കെ.എസി.വേണുഗോപാൽ എം.പി മുഖ്യതിഥിയാകും. പിന്നെ മൂന്നുനാൾകൂടി ഇവിടം കലയുടെ ചിലങ്കകെട്ടിയാടും. 30ന് വൈകിട്ട് 5ന് സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അദ്ധ്യക്ഷനാകും. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ സമ്മാനവിതരണം നടത്തും.