കൊട്ടാരക്കര: കൗമാര മാമാങ്കം വിരുന്നെത്തിയപ്പോൾ ഉൾക്കണ്ണാൽ മനം നിറയ്ക്കുകയാണ് ഷാജി സാം. ആതിഥേയരായ കൊട്ടാരക്കര ഗവ. ഹയ‌ർ സെക്കൻഡറി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനായ ഷാജിസാം ഇതുവരെ കലോത്സവം കണ്ടിട്ടില്ല, എന്നാൽ കലോത്സവങ്ങളിൽ മിന്നിത്തിളങ്ങിയൊരു പൂർവകാലമുണ്ട്.

ഓയൂർ ചെങ്കുളം പറങ്കിമാംവിള വീട്ടിൽ സാമുവൽ- ലീലാമ്മ ദമ്പതികളുടെ മകനായ ഷാജി സാം സ്കൂൾ, കോളേജ് പഠന കാലയളവിലാണ് കലോത്സവങ്ങളിലെ താരമായിരുന്നത്. മിമിക്രി, പ്രസംഗം, ലളിതഗാനം, മാപ്പിളപ്പാട്ട് എന്നിവയിലായിരുന്നു മികവ് കാട്ടിയത്. ജന്മനാലുള്ള കാഴ്ചപരിമിതിയെ വെല്ലുവിളിച്ച് ജീവിതനേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നതിനിടയിൽ കലാപ്രവർത്തനങ്ങൾക്ക് തടസം നേരിട്ടു. 2013ൽ കൊട്ടാരക്കര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ഹയർ സെക്കൻഡറി അദ്ധ്യാപകനായി നിയമനം ലഭിച്ചത്. എറണാകുളത്തും കാസർകോടും കൊല്ലം വള്ളിക്കീഴിലുമായൊക്കെ സ്ഥലംമാറ്റം ലഭിച്ചു. രണ്ട് വർഷം മുമ്പ് വീണ്ടും കൊട്ടാരക്കരയിൽ സീനിയർ അദ്ധ്യാപകനായി തിരിച്ചെത്തി. ഷാജി സാം ക്ളാസെടുക്കുമ്പോഴും മിമിക്രിയും പാട്ടുമൊക്കെ കടന്നുവരാറുണ്ട്. പുസ്തകം നോക്കി പഠിപ്പിക്കാൻ കഴിയാത്തതിനാൽ, പാഠപുസ്തകം അപ്പാടെ ടാബിലേക്ക് പകർത്തിയശേഷം ബ്ളൂ ടൂത്ത് ഹെഡ്സെറ്റ് വഴി കേട്ടാണ് പഠിപ്പിക്കുക. ടാബ് കൈയിലുണ്ടാകും. പരസഹായം തേടാതെ യാത്ര ചെയ്താണ് സ്കൂളിലെത്തുന്നതും മടങ്ങുന്നതും. കലോത്സവത്തിന്റെ ആദ്യദിനത്തിൽ തന്നെ തന്റെ പരിമിതികളെ മറന്ന് ഷാജി സാം സജീവമായി രംഗത്തുണ്ട്. മകൾ ഇതേ സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയായ അൻസിയ.എം.ഷാജി കലോത്സവത്തിൽ മത്സരിക്കാനുമുണ്ട്.