കൊട്ടാരക്കര: ഉള്ളിലിത്തിരി സങ്കടമുണ്ടെങ്കിലും നിലാവുള്ള രാത്രിയിലെ ഇളങ്കാറ്റിന്റെ സുഖാനുഭവമാണ് നീരജ കൃഷ്ണന്റെ കവിതയ്ക്ക്. യു.പി വിഭാഗം മലയാളം കവിത രചനാ മത്സരത്തിൽ 'നറുനിലാവിലലിഞ്ഞ രാത്രി'യെന്ന വിഷയമെത്തിയപ്പോൾ സങ്കടങ്ങളൊക്കെ അവൾ മറന്നു, പിന്നെ വാക്കുകൾ വരികളാക്കി കവിതയെഴുതി. മുട്ടറ കൃഷ്ണവിലാസത്തിൽ ബി.കൃഷ്ണകുമാറിന്റെയും സഹിഷ്ണയുടെയും മകളായ നീരജ കൃഷ്ണൻ ഓടനാവട്ടം കെ.ആർ.ജി.പി.എം എച്ച്.എസിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിനിയാണ്. 2019ൽ മുഖത്തൊരു സർജ്ജറി വേണ്ടിവന്നു. ഒരുവശത്തേക്ക് മുഖം കോടിയെങ്കിലും അവളിലെ സർഗവൈഭവത്തിന്റെ ഉള്ളറുക്കാൻ അതിനായില്ല. കവിതയെഴുതും പാടും പദ്യം ചൊല്ലും. നോട്ടുബുക്കുകളിലും മറ്റും കവിതയെഴുതാറുള്ള നീരജയെ അദ്ധ്യാപകരാണ് കലോത്സവത്തിൽ എത്തിച്ചത്.