k
പുഞ്ചക്കൃഷിക്ക് ഒരുങ്ങുന്ന പോളച്ചിറ പടശേഖരം

ചാത്തന്നൂർ: പോളച്ചിറ ഏലായിൽ പുഞ്ചക്കൃഷിക്ക് വേണ്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ചിറക്കര ഗ്രാമപഞ്ചായത്ത്.

ആലപ്പുഴ പുഞ്ച സ്പെഷ്യൽ ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ, ജില്ലയിലെ ആദ്യത്തെ പാടശേഖരമാണ് 1500 ഏക്കറുള്ള പോളച്ചിറ പാടശേഖരം.

മൂന്ന് വർഷമായി ഇവിടെ കൃഷി മുടങ്ങിക്കിടക്കുകയാണ്. പുഞ്ചയ്ക്ക് കൃഷി ഇറക്കുന്നവർക്ക് ജില്ലാ പഞ്ചായത്ത് പദ്ധതിയായ കതിർമണി പ്രകാരം ഹെക്ടറിന് 40,000 രൂപ സബ്സിഡി ലഭിക്കും. പോളച്ചിറയിൽ തെക്കേ പമ്പ് ഹൗസിന്റെയും വടക്കേ പമ്പ് ഹൗസിന്റെയും സഹായത്തോടെ ഇത്തിക്കര ആറ്റിലേക്ക് വെള്ളം പമ്പ് ചെയ്തു വിടുന്നതാണ് രീതി. കൃഷി ചെയ്യുന്ന സ്ഥലത്തെ വെള്ളം വറ്റിക്കുന്നതിന് ഏക്കറിന് 1800 രൂപ പമ്പിംഗ് സബ്സിഡി നൽകുന്നുണ്ട്. ഈ വർഷം വെള്ളം വറ്റിക്കാനുള്ള കരാർ പോളച്ചിറ പാടശേഖരസമിതിക്കാണ് ലഭിച്ചത്.

നാടൻ മത്സ്യങ്ങളുടെ കലവറയാണ് പോളച്ചിറ. വരാൻ, കൈതക്കോര, വാക, പരൽ, കാരി, കരിമീൻ, ചുണ്ടൻ, നെടുമീൻ തുടങ്ങിയ മത്സ്യങ്ങൾ വാങ്ങാൻ വിദൂര സ്ഥലങ്ങളിൽ നിന്നു വരെ ആളെത്താറുണ്ട്.