കൊട്ടാരക്കര: ഹയർ സെക്കൻഡറി വിഭാഗം മലയാളം കവിതാരചന മത്സരത്തിന് 'എഴുതാനിരിക്കുമ്പോൾ' വിഷയമായപ്പോൾ പലരും മൂക്കത്ത് വിരൽവച്ചു. എന്നാൽ 'അജ്ഞത നിറഞ്ഞ എഴുത്തുലോകം' എന്ന തലക്കെട്ടോടെ ചവറ പന്മനമനയിൽ എസ്.ബി.വി.എസ്.ജി എച്ച്.എസ്.എസിലെ അഞ്ജല സുൽത്താന കുറിച്ചത് ഇങ്ങിനെ:
" തൂലികയെടുത്തനേരം മനസിന്റെ
ഉള്ളറകളിൽ എവിടെയൊക്കെയോ ഞരക്കങ്ങൾ
ചിന്തകൾ പലമാതിരി ഉള്ളിലലയടിക്കുന്നു
പ്രക്ഷുബ്ധമായ കടലിനേക്കാൾ സങ്കീർണമായ മനസ്
ഹൃദയത്തിലെവിടെയൊക്കെയോ ഉളിതറയ്ക്കും
പോലൊരു നോവ്
സമയം നീങ്ങുമ്പോഴും മുന്നിലെ പേപ്പർ
ശൂന്യമായി തുടരുന്നു"-
കവിത രണ്ടുപേജിലേക്ക് നീളുമ്പോൾ അതിൽ നിറയുന്നത് പുതുകാലത്തിന്റെ അജ്ഞതകൾ തന്നെയാണ്. പന്മന നസീറ മൻസിലിൽ അബ്ദുൽ സലാമിന്റെയും നസീറയുടെയും മകളായ അഞ്ജല സുൽത്താനയ്ക്ക് നന്നെ കുട്ടിക്കാലത്തേ എഴുത്തുവാസനയുണ്ട്. സ്കൂൾ മാഗസിനിൽ കവിത അച്ചടിച്ചുവന്നിട്ടുമുണ്ട്. പെൺകുട്ടികൾ മാത്രമാണ് ഹയർ സെക്കൻഡറി വിഭാഗം കവിതയെഴുത്തിൽ മത്സരിക്കാനുണ്ടായിരുന്നത്.