photo

കരുനാഗപ്പള്ളി: സനാതന ധർമ്മത്തിൽ നിലനിന്നിരുന്ന ജീർണതകൾ ഇല്ലാതാക്കി, അന്തസത്ത വീണ്ടെടുത്ത് പൊതുസമൂഹത്തിന്റെ നന്മക്കായി പ്രവർത്തിച്ച കർമ്മ യോഗിയായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.

ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുവും സനാതന ധർമ്മവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവന്റെ കൃതികൾ, വാക്കുകൾ, തത്വശാസ്ത്രം എന്നിവ വിശകലനം ചെയ്യുന്ന ഏതൊരാൾക്കും സനാതന ധർമ്മത്തിന്റെ മൂർത്തീ ഭാവം ദർശിക്കാനാകും.

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം സനാതന ധർമ്മത്തിന്റെ പ്രതിരൂപമാണ്. മഹാത്മാക്കളായ സന്യാസിമാർ പ്രപഞ്ച രഹസ്യങ്ങൾ തപശക്തിയിലൂടെ സാംശീകരിച്ച് പൊതുസമൂഹത്തിന്റെ ഉന്നതിക്കായി പ്രയോഗിക്കുകയായിരുന്നു. മനുഷ്യ മനസുകളിലെ സങ്കടങ്ങളും സംഘർഷങ്ങളും പൂർണമായും ഇല്ലാതാക്കാൻ ഗുരുദേവ ദർശനങ്ങൾക്ക് കഴിയും. സനാതന ധർമ്മത്തിൽ സൃഷ്ടിയും സ്രഷ്ടാവും ഒന്നുതന്നെയാണ്. ഈ തത്വമാണ് ശ്രീനാരായണ ഗുരുദേവൻ ദൈവ ദശകത്തിലൂടെ ലോകത്തിന് പകർന്നുനൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. ഗീതാബാബുവിന്റെ പ്രാർത്ഥനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി, യോഗം ബോർഡ് മെമ്പർമാരായ കെ.ജെ.പ്രസേനൻ, എസ്.സലിംകുമാർ, വനിതാ സംഘം നേതാക്കളായ അംബികാദേവി, മധുകുമാരി, സ്മിത, ഗീത ബബു, ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ്, എസ്.എൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. സിന്ധു സത്യദാസ്, ഓപ്പൺ സ്കൂൾ പ്രിൻസിപ്പൽ സിനിറാണി, എസ്.എസ്.ടി.ടി.ഐ ഹെഡ്മിസ്ട്രസ് കെ.എസ്.സ്മിത, എസ്.എൻ.ടി.ടി.ഐ പ്രിൻസിപ്പൽ പി.എസ്.ശ്രീകുമാർ, ശാഖാ ഭാരവാഹികളായ ദിലീപ്, ലീലാകൃഷ്ണൻ, സുരേഷ് ബാബു, സുരേഷ് കുമാർ, രാജേഷ്, പ്രസന്നകുമാർ, സജീവ്, ഉദയൻ, സുരേന്ദ്രൻ, സുനിൽകുമാർ, പ്രഭാകരൻ, കൃഷ്ണൻകുട്ടി, ദാസ്, സുനിൽകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു.