
കൊല്ലം: ദേശീയപാത നിർമ്മാണ കരാറുകാരും വാട്ടർ അതോറിട്ടിയും പരസ്പരം പഴിചാരി നിൽക്കവേ, ശക്തികുളങ്ങര കപ്പിത്താൻ ജംഗ്ഷൻ മുതൽ കലുങ്ക് മുക്ക് വരെയുള്ള നൂറോളം കുടുംബങ്ങൾ കുടിവെള്ളമില്ലാതെ വലയാൻ തുടങ്ങിയിട്ട് മാസം മൂന്ന് പിന്നിടുന്നു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിട്ടി നടത്തിയ ഓട നിർമ്മാണത്തോടെയാണ് കുടിവെള്ളം കിട്ടാക്കനിയായത്. ദേശീയപാത നിർമ്മാണ കരാറുകാർ അറ്റകുറ്റപ്പണികൾ നടത്തിയപ്പോൾ ജലവിതരണം തടസപ്പെടുത്തുന്ന വിധത്തിൽ പൈപ്പുകൾ അടച്ചെന്നാണ് ആക്ഷേപം. പൈപ്പ് വെള്ളം കിട്ടാതായതോടെ കൗൺസിലറുടെ നേതൃത്വത്തിൽ കോർപ്പറേഷനിൽ നിന്ന് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ടാങ്കറിൽ വെള്ളമെത്തിച്ചിരുന്നു. എന്നാൽ സർവ്വീസ് റോഡുകളുടെ പണി തുടങ്ങിയതോടെ ടാങ്കറിന് എത്താനാവാത്ത അവസ്ഥയായി. കുടിവെള്ളം മുടങ്ങിയതോടെ ചിലർ ബന്ധുവീടുകളിലേക്ക് താമസം മാറി. ബാക്കിയുള്ളവർ പണം കൊടുത്ത് വെള്ളം വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ്.
ഫലിക്കാത്ത ചർച്ചകൾ
ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ, കളക്ടർ എൻ.ദേവിദാസ്, കൗൺസിലർ എന്നിവർ നിർമ്മാണ കമ്പനികളായ വിശ്വസമുദ്ര, ശിവാലയ എന്നിവയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് കപ്പിത്താൻ ജംഗ്ഷൻ മുതൽ കലുങ്ക് മുക്ക് വരെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ തുടങ്ങി. എന്നാൽ ഒരു ഭാഗത്തു മാത്രമാണ് പൈപ്പിടുന്നത്. മറുവശത്തുകൂടി പൈപ്പ് സ്ഥാപിച്ചെങ്കിൽ മാത്രമേ കണക്ഷൻ കൊടുക്കാനാവൂ. വാട്ടർ അതോറിട്ടിയും കരാറുകാരും തമ്മിലുള്ള ശീതസമരമാണ് ജവവിതരണത്തിലെ തടസം പരിഹരിക്കാൻ വൈകുന്നത്.
മാസങ്ങളായി തുടങ്ങിയ കുടിവെള്ള പ്രശ്നമാണ്. പൈപ്പ് സ്ഥാപിച്ച് കണക്ഷൻ കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു. ദേശീയപാത നിർമ്മാണ കരാറുകാർ കമ്പിനികളിൽ ഒന്നായ വിശ്വസമുദ്രയുടെ നിരുത്തരവാദമായ സമീപനമാണ് പ്രശ്നത്തിന് കാരണം. അടിയന്തരമായി പ്രശ്നപരിഹാരം ഉണ്ടാകണം - എം.പുഷ്പാംഗദൻ , കൗൺസിലർ, ശക്തികുളങ്ങര ഡിവിഷൻ
മീനത്തുചേരി ഡിവിഷനിലും ശക്തികുളങ്ങര ഡിവിഷനിലുമായിരുന്നു കുടിവെള്ളം കിട്ടാതായത്. എന്നാൽ നിരന്തരമായ സമ്മർദ്ദങ്ങളുടെ ഫലമായി മീനത്തുചേരിയിലെ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമായി. പൂർണമായി വെള്ളം കിട്ടണമെങ്കിൽ ബാക്കി പൈപ്പ് കണക്ഷൻ കൂടി കൊടുക്കണം. - ബി.ദീപു ഗംഗാധരൻ , കൗൺസിലർ, മീനത്തുചേരി ഡിവിഷൻ