കൊട്ടാരക്കര: ഒരു കഥയെഴുതിയപ്പോൾ പലരുടെ ജീവിതങ്ങൾ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞതാണ് അമൃത.എസ്.സതീഷെന്ന കഥാകാരിയുടെ മിടുക്ക്!. നാല് കൂട്ടുകാരെ ഒന്നിച്ചുകൂട്ടി, ഇത്തിരിനേരത്ത് ഒത്തിരി കഥപറയാൻ അവളുടെ തൂലികയ്ക്ക് കഴിഞ്ഞു. അരുണിമ, ആര്യ, ദേവു, അമൽ എന്നീ കൂട്ടുകാരുടെ വർത്തമാനത്തിലൂടെ നമുക്ക് ചുറ്റുമുള്ള ചിലതൊക്കെ കോറിയിടുകയായിരുന്നു.
"എടീ അവൾക്ക് ഇതെന്താ പറ്റിയത്?" ജനാലയ്ക്ക് പുറത്തെ വിദൂരതയിലേക്ക് കണ്ണുപായിക്കുന്ന ആര്യയെ ചൂണ്ടിക്കാട്ടി അരുണിമ ചോദിക്കുന്നതാണ് കഥയുടെ തുടക്കം. എപ്പോഴും ദേഷ്യപ്പെടുന്ന ആര്യയോട് മടിച്ചുമടിച്ചാണെങ്കിലും ചോദ്യമെറിഞ്ഞപ്പോൾ അവൾ അരുണിമയെ കെട്ടിപ്പിടിച്ചു കരഞ്ഞു. പിന്നെ തന്റെ സങ്കടങ്ങളുടെ കെട്ടഴിഞ്ഞു. കടബാദ്ധ്യതയിൽ മുങ്ങിത്താഴുന്ന അച്ഛനും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് അവളുടെ ഉള്ളുലച്ചിരുന്നത്. കൂട്ടുകാരിയെ സമാധാനിപ്പിക്കാൻ അച്ഛനും അമ്മയും ബന്ധം പിരിഞ്ഞശേഷമുള്ള തന്റെ ഒറ്റപ്പെടലും കാൻസർ ബാധിച്ച ദേവുവിന്റെ വിവരവും എല്ലാമറിഞ്ഞിട്ടും അവളെ പ്രണയിക്കുന്ന അമലിന്റെ വിശേഷങ്ങളും അവൾ പറഞ്ഞുവച്ചു.
മൗനത്തിന് പിന്നിലെ കാരണവും ദേഷ്യത്തിന് പിന്നിലെ വേദനയും അക്കമിട്ടുനിരത്തി കഥ അവസാനിപ്പിച്ചിട്ട് 'കയ്പിലും തേൻമധുരം നുണഞ്ഞ്...' എന്ന പേരും നൽകി. മുമ്പ് വിദ്യാരംഗം മാസികയിലടക്കം അമൃതയുടെ കഥകൾ അച്ചടിമഷി പുരണ്ടിട്ടുണ്ട്. ചവറ പുതുക്കാട് മുക്കടയിൽ വീട്ടിൽ തടിപ്പണിക്കാരനായ സതീഷ് കുമാറിന്റെയും ശാരിയുടെയും മകളാണ്. കൊറ്റൻകുളങ്ങര ജി.വി എച്ച്.എസ്.എസിലെ പ്ളസ് ടു സയൻസ് വിദ്യാർത്ഥിനിയാണ്.