കൊട്ടാരക്കര: സ്കൂളിലേക്കുള്ള വഴികളിൽ ചുമട്ടുതൊഴിലാളികളെ കാണാറുണ്ട്, ചിലപ്പോഴൊക്കെ അവരുടെ ജോലിത്തിരക്കുകളിൽ കണ്ണുടക്കിയിട്ടുമുണ്ട്. ഇന്നലെ പെൻസിൽ ചിത്രരചനയ്ക്ക് 'ചുമട്ടുതൊഴിലാളികൾ' വിഷയമാകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. കണ്ണിലും മനസിലും ഉടക്കിനിന്നത് വരച്ചെടുത്തു. വിധി നിർണയത്തിൽ ഒന്നാം സമ്മാനവും കൊല്ലം വിമല ഹൃദയ ഗേൾസ് എച്ച്.എസ്.എസ്.എസിലെ അനന്യ.എസ്.സുഭാഷിന്. വില്ലേജ് ഓഫീസറായ കൊല്ലം അയത്തിൽ സുനിൽ മന്ദിരത്തിൽ എസ്.സുഭാഷിന്റെയും എസ്.ശ്രീജയുടെയും മകളായ അനന്യ വരച്ച ചിത്രങ്ങളുള്ള പാഠപുസ്തകങ്ങളാണ് ഇപ്പോൾ 1, 3, 5, 7, 9 ക്ളാസുകളിലെ കുട്ടികളുടെ പക്കലുള്ളത്. ചിത്രരചനാ മത്സരത്തിൽ വർഷങ്ങളായി അനന്യ.എസ്.സുഭാഷ് ജൈത്രയാത്ര തുടർന്നതാണ് പാഠപുസ്തകത്തിലെ ചിത്രരചനയ്ക്കും വഴിയൊരുക്കിയത്.