ചാത്തന്നൂർ: കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ ദേശീയപാത നിർമ്മാണ കമ്പനിയുടെ മണ്ണുമാന്തി യന്ത്രം ഇടിച്ച് എട്ടുപേർക്ക് പരിക്കേറ്റു. രാജസ്ഥാൻ സ്വദേശികളായ രഘുവീർ പ്രസാദ് (64), ഭാര്യ പ്രതിഭ (65), നിഖിൽകൃഷ്ണ (25), ബിജു.എ (45), ഹിജി (48), ലിസി(60), ആദിത്യൻ (9), സൈജു (40) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ ആറോടെ കൊല്ലം -തിരുവനന്തപുരം ദേശീയപാതയിൽ കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഹൈസ്കൂളിന് മുന്നിലായിരുന്നു അപകടം. മണ്ണ് മാന്തി യന്ത്രം അശ്രദ്ധയോടെ പ്രവർത്തിപ്പിച്ചതാണ് അപകട കാരണം.

തിരുവനന്തപുരം ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പാരിപ്പള്ളി പൊലീസ് കേസെടുത്തു.