കൊല്ലം: ജില്ലയിൽ 2018ൽ നടത്തിയ ആവാസ് യോജന പരിശോധന പ്രകാരം അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം ഒരു ലക്ഷത്തിലധികം വരും. എന്നാൽ ഇവരുടെ വിവരങ്ങൾ ശേഖരിക്കാൻ നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്റർ തയ്യാറാക്കിയ 'അതിഥി ' ആപ്പിൽ ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 5300 പേർ മാത്രം.
ദിവസം 50 പേരുടെ വിവരങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുള്ള നിർദേശം. എന്നാൽ പലപ്പോഴും സാധിക്കാറില്ലെന്നാണ് വിശദീകരണം. ആപ്പിൽ രജിസ്റ്റർ ചെയ്യാൻ അന്യസംസ്ഥാന തൊഴിലാളികൾക്ക് താത്പര്യമില്ല. കാരണം, പലരും വ്യാജ ആധാർ കാർഡുമായാണ് കേരളത്തിലെത്തിയത്. അതിഥി ആപ്പ് ഉപയോഗിച്ച് അഞ്ച് മിനിറ്റിൽ തീരേണ്ട രജിസ്‌ട്രേഷൻ നടപടികൾ തൊഴിലാളികളുടെ നിസഹകരണം മൂലം അരമണിക്കൂർ വരെ എടുക്കുന്ന സ്ഥിതിയാണ്.
തൊഴിലിടങ്ങളിലും താമസ സ്ഥലത്തുമെത്തിയാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ ആവശ്യമെങ്കിൽ പൊലീസിനും നൽകും. വ്യക്തി വിവരങ്ങൾ, ഫോട്ടോ, ആധാർ കാർഡ് എന്നിവയാണ് രേഖപ്പെടുത്തുന്നത്. ഇവ ലേബർ ഓഫീസർ പരിശോധിച്ച് അംഗീകരിക്കുന്ന മുറയ്ക്ക് രജിസ്റ്റർ ചെയ്തവരുടെ വാട്‌സാപ്പിൽ വെർച്വൽ ഐ.ഡി ലഭിക്കും. ഇതാണ് ഇൻഷ്വറൻസിനും മറ്റ് ആനുകൂല്യങ്ങൾക്കും ഉപയോഗിക്കേണ്ടതെന്നാണ് സർക്കാർ നിർദ്ദേശം.
സ്ഥാപനത്തിൽ ജോലി ചെയ്യുന്നതോ കോൺട്രാക്ടർക്ക് കീഴിലുള്ളതോ ആയ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പുരോഗമിക്കുന്നുണ്ട്. ഒറ്റപ്പെട്ട് നടക്കുന്നവരുടെ വിവരങ്ങളാണ് രജിസ്റ്റർ ചെയ്യാനുള്ളതെന്ന് തൊഴിൽ വകുപ്പ് അധികൃതർ പറയുന്നു. നിലവിൽ അസി. ലേബർ ഓഫീസർമാർക്കാണ് തൊഴിലാളികളുടെ വിവരങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്യിപ്പിക്കേണ്ട ചുമതലയുള്ളത്. മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനമൊട്ടാകെ അഞ്ച് ലക്ഷം അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തണമെന്നാണ് സർക്കാർ നിർദ്ദേശം.
ആധാർ കാർഡുകൾ വ്യാജം
ഭൂരിഭാഗത്തിന്റെയും പക്കലുള്ളത് വ്യാജ ആധാർ കാർഡെന്ന് പൊലീസ്
അതിഥി പോർട്ടലിൽ, പിന്നീട് ഈ ആധാർ നമ്പർ നൽകിയാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല
പോർട്ടൽ ആപ്പിലേക്ക് മാറ്റിയപ്പോൾ ആധാർ അതോറിട്ടിയുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാൽ വ്യാജ ആധാർ നമ്പറുകൾ നൽകിയാൽ തിരിച്ചറിയാം
വോട്ട് ചെയ്യാൻ നാട്ടിൽ പോയവരിൽ ഭൂരിഭാഗവും തിരിച്ചെത്തിയില്ലെന്ന് തൊഴിൽവകുപ്പ്
സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തത് - 159884 പേർ
തൊഴിലാളികൾ തിരികെയെത്താത്തതിനാൽ അതിഥി ആപ്പ് രജിസ്‌ട്രേഷനെ ബാധിച്ചിട്ടുണ്ട്. ബൈപ്പാസ് നിർമ്മാണത്തെയും മന്ദഗതിയിലാക്കി.
തൊഴിൽവകുപ്പ് അധികൃതർ