
കൊല്ലം: ജീവനക്കാരുടെ ക്ഷാമബത്ത ഉൾപ്പടെ മുഴുവൻ ആനുകൂല്യങ്ങളും ഇല്ലാതാക്കി സിവിൽ സർവീസിനെ ഇല്ലാതാക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.മഹാദേവൻ. എൻ.ജി.ഒ സംഘ് നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിവിൽ സർവീസ് പെൻഷൻ പുനഃസ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഇടത് സർക്കാർ എട്ട് വർഷമായി ജീവനക്കാരെ വഞ്ചിക്കുകയാണ്. അടിയന്തരമായി പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പാക്കണം. സംസ്ഥാന സർവീസിൽ കരാർ നിയമനം നടത്തി സിവിൽ സർവീസിനെ സ്വകാര്യവത്കരിച്ച് ചെറുതാക്കി കാട്ടാനാണ് സർക്കാരിന്റെ ഗൃഢശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്റ് ബി.എസ്.പ്രദീപ് അദ്ധ്യക്ഷനായി. ബി.എം.എസ് സംസ്ഥാന സമിതി അംഗം പരിമണം ശശി മുഖ്യപ്രഭാഷണം നടത്തി. ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന സമിതി അംഗം ശ്രീകുമാർ, പെൻഷണേഴ്സ് സംഘ് സംസ്ഥാന സമിതി അംഗങ്ങളായ ഗോപിനാഥൻ, വിജയകുമാർ, എൻ.ജി.ഒ സംഘ് സംസ്ഥാന സമിതി അംഗം ആർ.പ്രദീപ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം പി.മനേഷ് ബാബു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി.ആനന്ദ് സ്വാഗതവും ജില്ലാ ട്രഷറർ എസ്.ബിജുകുമാർ നന്ദിയും പറഞ്ഞു. കളക്ടേറ്റിൽ നടന്ന പ്രകടനത്തിന് ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.ബിജു, പി.ബാലചന്ദ്രകുറുപ്പ്, എ.എൽ.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.