കൊല്ലം: മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തല പൊതുജന അദാലത്ത് ജില്ലയിൽ ഡിസംബർ 19 മുതൽ 26 വരെ നടക്കും. പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാനുള്ള പോർട്ടൽ ഇന്ന് പ്രവർത്തനം ആരംഭിക്കും. ഡിസംബർ രണ്ട് മുതൽ www.karuthal.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന അക്ഷയ സെന്റർ വഴിയോ അല്ലാതെയോ പരാതികൾ സമർപ്പിക്കാം. ഒരു വ്യക്തിക്ക് മൂന്ന് പരാതികൾ വരെ സമർപ്പിക്കാം. ഡിസംബർ 19ന് കൊല്ലം, 20ന് കൊട്ടാരക്കര, 21ന് കരുനാഗപ്പള്ളി, 23ന് കുന്നത്തൂർ, 24ന് പത്തനാപുരം, 26ന് പുനലൂർ താലൂക്കുകളിലാണ് അദാലത്ത്. ജില്ലയിലെ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേശ് കുമാർ എന്നിവ നേതൃത്വം നൽകും. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കളക്ടർ എൻ.ദേവിദാസ്, എ.ഡി.എം ജി.നിർമൽ കുമാർ, സബ് കളക്ടർ നിഷാന്ത് സിഹാര, ജൂനിയർ സൂപ്രണ്ട് സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.