കൊല്ലം: ജില്ലയിലെ പമ്പുകളിൽ ലീഗൽ മെട്രോളജി പരിശോധന നടത്തി. 30 പമ്പുകളിലാണ് പരിശോധന നടന്നത്. 273 നോസിൽ പരിശോധിച്ചെങ്കിലും ഇന്ധനത്തിന്റെ അളവ് അനുവദനീയമായ രീതിയിലാണ് നൽകിയിരുന്നത് എന്ന് കണ്ടെത്തി. എന്നാൽ പമ്പുകളിലെ അളവുപാത്രം മുദ്ര ചെയ്യാത്തതടക്കമുള്ള ക്രമക്കേടുകൾക്ക് അഞ്ച് പമ്പുകൾക്കെതിരെ കേസെടുക്കുകയും 13,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പമ്പുകൾ അളവിലടക്കം കൃത്രിമം കാണിക്കുന്നുവെന്ന് പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലീഗൽ മെട്രോളജി കൺട്രോളർ വി.കെ.അബ്ദുൾ കാദറിന്റെ നിർദ്ദേശപ്രകാരം ദക്ഷിണമേഖല ജോ. കൺട്രോളർ സി.ഷാമോന്റെ നേതൃത്വത്തിൽ 14 സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. കേന്ദ്രസർക്കാർ നൽകിയ ഗവ. ഒഫ് ഇന്ത്യയുടെ മുംബയിലെ മിന്റിൽ നിർമ്മിച്ച 10 ലിറ്റർ കപ്പാസിറ്റിയുള്ള ഫീൽഡ് ടെസ്റ്റ് മെഷർ ഉപയോഗിച്ചായിരുന്നു പരിശോധന.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഡെപ്യൂട്ടി കൺട്രോളർമാർ, അസി. കൺട്രോളർമാരും ഇൻസ്പെക്ടർമാരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നും മുദ്രപതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, പായ്ക്ക് ചെയ്ത ഉത്പന്നങ്ങളിൽ നിയമപ്രകാരമുള്ള വിവരങ്ങൾ ഇല്ലാതെ വില്പന നടത്തുക, അളവിലും തൂക്കത്തിലും കുറവ് വരുത്തുക, പരമാവധി വിൽപ്പന വിലയേക്കാൾ കൂടിയ വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്നും ദക്ഷിണമേഖല ജോ. കൺട്രോളർ സി.ഷാമോൻ അറിയിച്ചു.