
 ഭക്തിനിർഭരമായി തങ്കഅങ്കി വരവേൽപ്പും കാഴ്ച ശീവേലിയും
കൊല്ലം: പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന്റെ പതിനൊന്നാം ഉത്സവ ദിവസമായ ഇന്നലെ തങ്കഅങ്കി വരവേൽപ്പും കാഴ്ച ശീവേലിയും ഭക്തിനിർഭരമായി. രാവിലെ സപ്തദശ കലശപൂജയ്ക്ക് ശേഷം കാട്ടിൽമേക്കതിൽ ദേവിയുടെ വാഹനമായ വേതാളവാഹനത്തിൽ ദേവിയെ എഴുന്നള്ളച്ചു. കാഴ്ചശീവേലി കണ്ട് സായൂജ്യമടയാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.
തുടർന്ന് നടന്ന വലിയകാണിയക്കയിലും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. തുടർന്ന് തങ്കഅങ്കി പേടകവുമായി കളങ്ങര മഹാദേവ ക്ഷേത്രത്തിൽ നിന്ന് കന്നിട്ടക്കടവ്, കൊട്ടാരക്കടവ് വഴി ക്ഷേത്രത്തിലെത്തിയ തങ്കഅങ്കിവരവേൽപ്പ് കാണാനും നിരവധി പേർ ക്ഷേത്രത്തിലെത്തി. രാത്രിയിൽ താലപ്പൊലിയുടെ അകമ്പടിയോടെ പള്ളിവേട്ടയും നടന്നു. ക്ഷേത്രത്തിൽ നാദസ്വരകച്ചേരി, പഞ്ചാരിമേളം, തോറ്റംപാട്ട്, നൃത്തനൃത്യങ്ങൾ എന്നിവ നടന്നു. പന്ത്രണ്ട് ദിവസം നീണ്ടുനിന്ന വൃശ്ചികോത്സവത്തിന് ഇന്ന് കൊടിയിറങ്ങും.
ക്ഷേത്രത്തിൽ ഇന്ന്
രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് ഭാഗവതപാരായണം, 8.30ന് വൃശ്ചികപൊങ്കൽ. പൊങ്കാലയ്ക്ക് ഡെപ്യൂട്ടി കളക്ടർ ബി.ജയശ്രീ ഭദ്രദീപം തെളിക്കും. തുടർന്ന് തിരുവാതിര, തോറ്റംപാട്ട്. സമാപന സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ശിവഗിരി ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കുമ്മനം രാജശേഖരൻ, പി.എസ്.സുപാൽ എം.എൽ.എ, ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം സന്തോഷ് തുപ്പാശ്ശേരി, ക്ഷേത്ര ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.