കൊട്ടാരക്കര: അറുപത്തിമൂന്നാമത് റവന്യു ജില്ലാ കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ 39 ഇനങ്ങൾ പൂർത്തിയായപ്പോൾ കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. വെളിയം ഉപജില്ലയാണ് 52 പോയിന്റുമായി മുന്നിൽ. കൊല്ലം 51 പോയിന്റ് നേടി തൊട്ടുപിന്നിലും ചാത്തന്നൂർ 50 പോയിന്റുനേടി മൂന്നാം സ്ഥാനത്തുമുണ്ട്. കൊട്ടാരക്കര- 49, കരുനാഗപ്പള്ളി- 49, കുണ്ടറ- 49, ചടയമംഗലം-47, കുളക്കട- 43, പുനലൂർ-42, ചവറ-42, ശാസ്താംകോട്ട- 39, അഞ്ചൽ-36 എന്നിങ്ങനെയാണ് പോയിന്റ് നിലയിൽ പിന്നിലുള്ളത്. ഇന്നലെ രചനാ മത്സരങ്ങളാണ് അധികവും നടന്നത്. നൃത്തസംഗീത മത്സരങ്ങളും മറ്റ് കലാവിരുന്നുകളുമൊക്കെയായി ഇന്ന് പതിന്നാല് വേദികളും ഉണരുന്നതോടെ പോയിന്റുനില മാറിമറിയും.