കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി​യി​ലെ പുരുഷ ഡോക്ടർക്കെതിരെ വനി​താ ഹൗസ് സർജന്റെ പീഡന പരാതി​. സർജറി വിഭാഗം അസി. പ്രൊഫസർ ഡോ. സെർബിൻ മുഹമ്മദിൻ ഒക്ടോബർ 24ന് വൈകിട്ട് ഡ്യൂട്ടി റൂമിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. മെഡി​ക്കൽ കോളേജ് അധി​കൃതർ ആഭ്യന്തര അന്വേഷണം നടത്തി​ ഡി​.എം.ഒക്ക് റി​പ്പോർട്ട് നൽകി​യതി​നെ തുടർന്ന് ഡോക്ടറെ സസ്പെൻഡ് ചെയ്തു. എന്നാൽ മെഡിക്കൽ കോളേജ് അധികൃതർ പരാതി പൊലീസിന് കൈമാറിയില്ല. തി​രുവനന്തപുരം ഉള്ളൂർ സ്വദേശി​യായ ഇയാൾ ഒളി​വി​ലാണ്.

ഹൗസ് സർജന്റെ പീഡന പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായി പാരിപ്പള്ളി​ പൊലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് പൊലീസ് മെഡിക്കൽ കോളേജിൽ എത്തി പരാതി നൽകിയ വനിതാ ഡോക്ടറുടെ മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു. ഇന്നലെ പൊലീസ് സംഘം, പീഡനം ആരോപി​ക്കപ്പെട്ട ഡ്യൂട്ടി​ റൂമി​ലെത്തി​ തെളി​വെടുത്തു.