
കരുനാഗപ്പള്ളി: അടിമത്വത്തിൽ കഴിഞ്ഞിരുന്ന മനുഷ്യരെ ആത്മീയ മാർഗത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തിക്കൊണ്ടുവന്ന ഋഷിവര്യനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് മുൻ മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ സമാപനം കുറിച്ച് ഓച്ചിറ ശ്രീനാരായണ മഠത്തിൽ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ കഴിഞ്ഞ 12 ദിവസങ്ങളിലായി നടത്തിവന്ന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുസമൂഹം ഏകാേതര സഹോദരങ്ങളെപ്പോലെ ജീവിക്കണമെന്ന് ലോകത്തിന് ആദ്യമായി അരുൾ ചെയ്തത് ശ്രീനാരായണ ഗുരുദേവനായിരുന്നു. മതാതീത ആത്മീയതയുടെ ശംഖനാദം ആദ്യമായി മുഴങ്ങിയത് ശിവഗിരി കുന്നുകളിൽ നിന്നായിരുന്നു. വിദ്യാഭ്യാസമുള്ളവർ ആരുടെയും മുന്നിൽ തലകുനിക്കുകയില്ലെന്ന സത്യം മനസിലാക്കിയതുകൊണ്ടാണ് ഗുരുദേവൻ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
ഗുരുദേവ ദർശനങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിലാണ് എസ്.എൻ.ഡി.പി യോഗം കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ജാതിയും മതവും മനുഷ്യർ തന്നെ സൃഷ്ടിക്കുന്നതാണ്. മനുഷ്യത്വം ലോകത്ത് എക്കാലവും നിലനിൽക്കും. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ വെളിച്ചവും ചൈതന്യവും നൽകുന്നതാണ് ഗുരുദേവ ദർശനങ്ങളെന്ന് ചെന്നിത്തല പറഞ്ഞു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ, രമ ഗോപാലകൃഷ്ണൻ, ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അംഗം രാജു, ആർ.രാജശേഖരൻ, ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ്, അരുൺകുമാർ, യോഗം ബോർഡ് അംഗം എസ്.സലിംകുമാർ, വനിത സംഘം നേതാക്കളായ അംബികാദേവി, മധുകുമാരി, സ്മിത, ഗീത ബാബു, സുനിൽകുമാർ, സുഗതൻ, ആർ.രവി, രാജു. ഉത്തമൻ, സത്യശീലൻ, സനിൽകുമാർ, അശോകൻ, വിദ്യാധരൻ, സതീശൻ, ബാബുജി, മധു, സുധീഷ്, ശശിധരൻ, സുനിൽകുമാർ എന്നിവർ സംസാരിച്ചു.
ഓച്ചിറയിലെ വ്യവസായ പ്രമുഖനും എസ്.എൻ.ഡി. പി യോഗം സഹയാത്രികനുമായ അനിയൻസ് ശശിധരനെ ശ്രീനാരായണ മഠത്തിൽ വച്ച് അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.പി.മുഹമ്മദ്, മെഹർഖാൻ ചെന്നല്ലൂർ, എ.നിസാർ, അയ്യാണിക്കൽ മജീദ് എന്നിവർ സംസാരിച്ചു. പന്ത്രണ്ട് വിളക്കിന്റെ ഭാഗമായി ഉച്ചയ്ക്ക് ശേഷം ശ്രീനാരായണ മഠത്തിൽ സ്വാമി ശിവബോധാനന്ദയുടെ നേതൃത്വത്തിൽ വിളക്ക് പൂജ നടന്നു. നിരവധി പേർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു.