t

കൊല്ലം: കാവനാട് ഇടപ്പാടത്തെ മുന്നൂറിലേറെ കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങി ദിവസങ്ങളായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. അമൃത് പദ്ധതി പ്രകാരമുള്ള പൈപ്പ് സ്ഥാപിക്കാൻ പ്രദേശത്ത് കുഴിയെടുത്തതോടെ നിലവിലുള്ള പൈപ്പ് ലൈൻ പൊട്ടിയതാണ് കുടിവെള്ള വിതരണം തടസപ്പെടാൻ കാരണം.

പ്രദേശത്തെ ഭൂരിഭാഗം കിണറുകളിലും ഓര് വെള്ളമാണ്. അതിനാൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ വഴിയുള്ള വെള്ളമാണ് ഇടപ്പാടത്തുകാരുടെ ആശ്രയം. മാസങ്ങളായി പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇടവിട്ട ദിവസങ്ങളിൽ വൈകിട്ട് 3 മണിയോടെ ചെറിയ അളവിൽ മാത്രമാണ് പൈപ്പ് ലൈൻ വഴി വെള്ളം ലഭിച്ചിരുന്നത്. ഈ വെള്ളം ശേഖരിച്ച് പിന്നീട് ഉപയോഗിക്കാൻ പ്രദേശത്തെ ഒട്ടുമിക്ക വീടുകളിലും പ്രത്യേകം ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. പക്ഷെ മൂന്ന് മാസമായി ടാങ്കുകളിൽ വെള്ളം കയറുന്നില്ല. അതിനാൽ ബക്കറ്റുകളിൽ വെള്ളം ശേഖരിച്ചാണ് ഉപയോഗിച്ചിരുന്നത്. ഇതിനിടെയാണ് മൂന്ന് ദിവസം മുൻപ് ജലവിതരണം പൂർണമായും നിലച്ചത്.

വൻ വില കൊടുത്ത് വെള്ളം വാങ്ങിയാണ് ഒട്ടുമിക്ക കുടുംബങ്ങളും ആഹാരം പാകം ചെയ്യുന്നതും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതും. മഴവെള്ളം ശേഖരിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടുത്തുകാർ വസ്ത്രങ്ങൾ കഴുകിയത്. പ്രദേശത്ത് കിണർ കുഴിക്കുമ്പോൾ നിശ്ചിത ആഴം കഴിഞ്ഞാൽ മഞ്ഞ നിറത്തിലുള്ള കല്ലുകളും ചെളിയുമുള്ളതായി നാട്ടുകാർ പറയുന്നു. ഈ മണ്ണിന്റെ ദുർഗന്ധം വെള്ളത്തിൽ കലരുന്നതിനാൽ കിണർ കുഴിച്ചിട്ടും കാര്യമില്ലെന്ന അവസ്ഥയാണ്.

ഇടപ്പാടത്തുകാർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ വഴിയുള്ള കുടിവെള്ള വിതരണം പുന:സ്ഥാപിക്കുന്നത് വരെ കോർപ്പറേഷൻ അധികൃതർ ടാങ്കർ ലോറികളിൽ പ്രദേശത്ത് കുടിവെള്ള വിതരണം നടത്തണം

ഇളയടത്ത് രാജ്കുമാ‌ർ (പ്രദേശവാസി)