
കൊല്ലം: നെടുമ്പന ഗ്രാമത്തിലെ രാവുകൾക്ക് ഇപ്പോൾ ഇരട്ടിക്കുളിരാണ്. കലയുടെയും ചിന്തയുടെയും കുളിര് സമ്മാനിച്ച് ഏഴ് നാൾ പിന്നിട്ടിരിക്കുകയാണ് സിദ്ധാർത്ഥ ഫൗണ്ടേഷന്റെ സാംസ്‌കാരിക വിഭാഗമായ എം.വി ദേവൻ കലാഗ്രാമത്തിന്റെ നേതൃത്വത്തിലുള്ള നവം സാംസ്കാരിക ഉത്സവത്തിന്റെ മൂന്നാം പതിപ്പ്.
പിന്നിട്ട രണ്ട് പതിപ്പുകൾ എം.വി ദേവൻ കലാഗ്രാമത്തിന്റെ ആസ്ഥാനമായ പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലാണ് അരങ്ങേറിയത്. എന്നാൽ ഓരോ ദിവസങ്ങളിലായി പത്തിടങ്ങളിലായാണ് മൂന്നാം നവം സാംസ്കാരിക ഉത്സവം അരങ്ങേറുന്നത്. ഇങ്ങനെ തിരുവാതിരകളിയും ഓട്ടൻതുള്ളലും ചാക്യാർകൂത്തും തോൽപ്പാവക്കൂത്തും എകാങ്ക നാടകങ്ങളും നൃത്തങ്ങളും കാണാൻ നെടുമ്പനക്കാർ കൂട്ടത്തോടെ ഗ്രാമത്തിന്റെ ഓരോ കോണുകളിലേക്കും സഞ്ചരിക്കുകയാണ്. ഫേബ്രിക് പെയിന്റിംഗ് പരിശീലനം, ജില്ലാ ചെസ് മത്സരം, തിരുവാതിര മത്സരം, കാർഷിക വ്യാവസായിക പ്രദർശനം, ശരീര സൗന്ദര്യ മത്സരം, മെഡിക്കൽ ക്യാമ്പ് തുടങ്ങിയവയിലൂടെ ഓരേ കേന്ദ്രങ്ങളിലെയും പകൽനേരങ്ങളും ധന്യമാണ്.
നെടുമ്പന കേരളത്തിന്റെ
സാംസ്കാരിക ഭൂപടത്തിലേക്ക്
മൂന്നാം പതിപ്പിന്റെ സംഘാടകർക്കും എണ്ണമില്ല. ഓരോ കേന്ദ്രത്തിലും അതാത് പ്രദേശങ്ങളിലെ ക്ലബുകളുടെയും ഗ്രന്ഥശാലകളുടെയും മറ്റ് സാംസ്കാരിക സംഘടനകളുടെയും പ്രവർത്തകരാണ് സംഘാടകർ. ഇങ്ങനെ ഒരു ഗ്രാമം മുഴുവൻ അതിൽ പങ്കാളികളാകുന്നു. എഴുത്തുകാരും കലാകാരന്മാരും ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനത്തോടെയാണ് ഓരോ വേദിയും സന്ധ്യകളിൽ ഉണരുന്നത്. ഓരോ സമ്മേളനങ്ങളും പുതിയ ചിന്തകൾ നാടിന് സമ്മാനിക്കുന്നു. ഇങ്ങനെ നവം സാംസ്കാരിക ഉത്സവത്തിലൂടെ നെടുമ്പന ഗ്രാമം കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിലേക്ക് നടന്നുകയറുന്നു.
പന്നിട്ട ഏഴ് ദിവസങ്ങളിൽ മുന്നൂറോളം കലാപ്രതിഭകളാണ് മാസ്മരിക പ്രകടനം കാഴ്ചവച്ചത്. ഇന്ന് ഉൾപ്പടെയുള്ള മൂന്ന് ദിവസങ്ങളിലായി നൂറോളം കലാകാരന്മാർ ഇനിയെത്തും. ഇതിന് പുറമേ ഗ്രാമത്തിലെ മുന്നൂറോളം വിശിഷ്ട വ്യക്തികളും കലാകാരന്മാരും വിദ്യാർത്ഥികളും അടക്കം 1500 ഓളം പേർക്ക് നവം സ്നേഹമുദ്ര സമ്മാനിക്കുന്നു. ദുരിതങ്ങൾ നേരിടുന്ന 200 ഓളം കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്നു. 30ന് വൈകിട്ട് സംഗീത നാടക അക്കാഡമി ചെയർമാൻ കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തോടെ നവത്തിന്റെ മൂന്നാം പതിപ്പിന് തിരശീല വീഴും.
സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സാംസ്കാരിക സംഘടനയായ കൊല്ലം സിദ്ധാർത്ഥ ഫൗണ്ടേഷന്റെ മുഖ്യസാരഥിയും കലാകാരനുമായ സുരേഷ് സിദ്ധാർത്ഥയാണ് 'നവം' എന്ന പുതിയ സാംസ്കാരിക ആശയത്തിന്റെ പ്രായോജകൻ.
നെടുമ്പന ഗ്രാമത്തെ, കേരളത്തിന്റെ സാംസ്കാരിക മേഖലയിലെ ശ്രദ്ധാകേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇരിപ്പിടങ്ങളും കളിസ്ഥലങ്ങളും വൃക്ഷത്തുരുത്തുകളും സൗന്ദര്യവത്കരിക്കും. പ്രതിമാസ പരിപാടികളിലൂടെ യുവാക്കൾക്കും കുട്ടികൾക്കും പുതിയ ദിശാബോധം നൽകുകയാണ് എം.വി ദേവൻ കലാഗ്രാമം.
സുരേഷ് സിദ്ധാർത്ഥ
സിദ്ധാർത്ഥ ഫൗണ്ടേഷൻ മുഖ്യസാരഥി